photo
ബിനു യോഹന്നാൻ

കൊട്ടാരക്കര: ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിന്റെ വിരോധത്തിൽ കാമുകിയെ തലയ്ക്ക് വെട്ടിയ കാമുകൻ പിടിയിൽ. കൊട്ടാരക്കര പ്ളാപ്പള്ളി നെച്ചിറച്ചരുവിള പുത്തൻവീട്ടിൽ ബിനു യോഹന്നാനാണ് (ജയൻ-45) അറസ്റ്റിലായത്. പ്രതിയെ കൊട്ടാരക്കര കോടതി റിമാൻഡ് ചെയ്തു. തൃക്കണ്ണമംഗൽ കാലായിക്കുന്ന് സ്വദേശിയായ അമ്പിളിക്കാണ് (45) വെട്ടേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുൻപാണ് സംഭവം. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന അമ്പിളി റബർ ടാപ്പിംഗ് തൊഴിലാളിയായ ബിനു യോഹന്നാനുമായി അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുൻപ് ഫോൺ വിളിച്ചിട്ടും അമ്പിളി എടുക്കാൻ കൂട്ടാക്കാതെ വന്നതോടെ അമ്പിളിയുടെ വീട്ടിലെത്തിയ ബിനു യോഹന്നാൻ അടുക്കളയിൽ കടന്ന് കൊടുവാളെടുത്ത് അമ്പിളിയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. തുടർന്ന് ബിനു ഒളിവിൽ പോയി. ഓടിക്കൂടിയവർ അമ്പിളിയെ ആശുപത്രിയിലാക്കി.

കുറ്റകരമായ നരഹത്യാശ്രമത്തിന് കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കോക്കാടുള്ള രഹസ്യ താവളത്തിൽ നിന്ന് ബുധനാഴ്ച ബിനുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുൻപ് പല അടിപിടി കേസുകളിലും ബിനു പ്രതിയായിട്ടുണ്ട്. കൊട്ടാരക്കര എസ്.ഐ സാബുജിമാസ്, സീനിയർ സി.പി.ഒ സന്തോഷ് കുമാർ, സി.പി.ഒ സിയാസ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.