കൊല്ലം: ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിൽ കുടുംബസമിതിയുടെ പങ്ക് നിർണ്ണായകമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കാവനാട് പനയറ കുടുംബസമിതിയുടെ പത്താം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂട്ടുകുടുംബ സംവിധാനത്തിൽ നിന്ന് കിട്ടിയിരുന്ന സന്തോഷവും നിഷ്കളങ്കമായ സ്നേഹവും ഇന്ന് അന്യമാകുന്നതിനാൽ കുടുംബസംഗമങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ബീച്ച് റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ സമിതി പ്രസിഡന്റ് സുനിൽ എച്ച്. പനയറ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, പ്രൊഫ. ജി. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. സമിതി വൈസ് പ്രസിഡന്റ് ബി. വിജയകുമാരി സ്വാഗതവും സെക്രട്ടറി സോണിവാസ് നന്ദിയും പറഞ്ഞു.
സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന പ്രഭാഷണം കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഖാൻ കരിക്കോട് നയിച്ചു. കുടുംബസംഗമത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം കുടുംബാംഗങ്ങളുടെ കലാകായിക മത്സരങ്ങൾ എന്നിവയും ഉണ്ടായിരുന്നു.