പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിലുള്ള
ശിവഗിരി തീർത്ഥാടന പദയാത്ര നാളെ രാവിലെ 6.30ന് ഭക്തി നിർഭരമായ ചടങ്ങുകളോടെ യൂണിയൻ ആസ്ഥാനത്ത് നിന്ന് ആരംഭിക്കും.ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പദയാത്രയ്ക്ക് മുന്നോടിയായി പുനലൂർ ടൗണിലെ വലിയ പാലം മുതൽ പദയാത്ര കടന്ന് പോകുന്ന പ്രദേശങ്ങൾ പീതപതാകകളാൽ അലങ്കരിച്ചു. എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ. സുന്ദരേശൻ ക്യാപ്ടനായ പദയാത്രയിൽ പത്ത് ദിവസത്തെ പഞ്ചശുദ്ധി വ്രതത്തോട് കൂടിയ 200ൽ അധികം തീർത്ഥാടകർ പങ്കെടുക്കും.
രാവിലെ 6.30ന് യൂണിയൻ ആസ്ഥാനത്ത് നിന്ന് ഗുരുദേവ ചിത്രം ആലേഖനം ചെയ്ത രഥവും വഹിച്ചു കൊണ്ടുള്ള പദയാത്രയ്ക്ക് യോഗം അസി. സെക്രട്ടറി വനജവിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ്‌കുമാർ, ജി. ബൈജു തുടങ്ങിയവരുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം നൽകും. തുടർന്ന് പുനലൂർ ടൗൺ, അടുക്കളമൂല, ചുടുകട്ട, കരവാളൂർ, മാവിള, കൊച്ചുകുരുവിക്കോണം, അഗസ്ത്യക്കോട്, അഞ്ചൽ, കുരുശുംമുക്ക്, പനച്ചിവിള, ആയൂർ തുടങ്ങിയ ഗുരുദേവ ക്ഷേത്രങ്ങളിൽ നൽകുന്ന ഭക്തിസാന്ദ്രമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം ചടയമംഗലം വഴി കടന്നുപോകുന്ന യാത്ര വൈകിട്ട് 6.30ന് പോരേടം ശ്രീമഹാദേവർ ക്ഷേത്രത്തിൽ വിശ്രമിക്കും.
30ന് രാവിലെ 6.30ന് പുറപ്പെടുന്ന പദയാത്ര പളളിക്കൽ, കാട്ടുപുതുശേരി, നാവായിക്കുളം, കല്ലമ്പലം തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം വൈകിട്ട് 6ന് ശിവഗിരി മഹാസമാധി മണ്ഡപത്തിൽ പദയാത്ര സമാപിക്കും. പദയാത്രയിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്തിട്ടുളള ഭക്തജനങ്ങൾ നാളെ രാവിലെ 6ന് മുമ്പ് പുനലൂർ യൂണിയൻ ഓഫിസിൽ എത്തിച്ചേരണമെന്ന് യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് എന്നിവർ അറിയിച്ചു.