കൊല്ലം: ജില്ലാ ആശുപത്രിയിൽ പുതിയ ശൗചാലയം പ്രവർത്തന സജ്ജമായിട്ടും രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിക്കുന്നത് അത്യാഹിത വിഭാഗത്തിലെ ശൗചാലയത്തെ. ആറ് മാസം മുമ്പ് തന്നെ ജില്ലാ ആശുപത്രിയിൽ പുതിയ ശൗചാലയം നിർമ്മിച്ചെങ്കിലും ആശുപത്രിയിലെത്തുന്ന പലർക്കും ഇതറിയില്ല. രോഗികളും കൂട്ടിരിപ്പുകാരും സന്ദർശകരുമായി ദിവസേനെ നൂറു കണക്കിനാളുകളെത്തുന്ന കൊല്ലം ജില്ലാ ആശുപത്രിയിൽ വൃത്തിയുള്ള ടോയിലറ്റ് ഇല്ലെന്ന പരാതിയെ തുടർന്ന് ആറു മാസം മുമ്പാണ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് മോർച്ചറിക്ക് സമീപം പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പത്ത് ശൗചാലയങ്ങൾ നിർമ്മിച്ചത്. അത്യാഹിത വിഭാഗത്തിലെ ടോയിലറ്റ് മാത്രം ആശ്രയമായിരുന്ന സമയത്ത് നഗരസഭയുടെ കീഴിൽ പലയിടങ്ങളിലും ഇ ടോയ്ലറ്റുകൾ നിർമ്മിച്ചെങ്കിലും ലക്ഷങ്ങൾ പാഴായത് മാത്രമാണ് മിച്ചം.
അത്യാഹിത വിഭാഗത്തിന് മുന്നിലെ വാഹന പാർക്കിംഗ്
അത്യാഹിത വിഭാഗത്തിന് മുന്നിലെ വാഹന പാർക്കിംഗാണ് മറ്റൊരു തലവേദന. ബൈക്ക് പാർക്കിംഗ് മൂലം അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടു വരുന്ന രോഗികളെ സുഗമമായി അകത്തേക്ക് കൊണ്ടു പോകാൻ വളരെ ബുദ്ധിമുട്ടുകയാണെന്നാണ് പരാതി. ആശുപത്രിയിൽ കാന്റീൻ വേണമെന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ജീവനക്കാരുടെയും ആവശ്യവും ഇനിയും നടപ്പായിട്ടില്ല.
സാമൂഹ്യവിരുദ്ധരുടെ ശല്യം
രാത്രിയിൽ സാമൂഹ്യ വിരുദ്ധർ തുറന്നിട്ടിരിക്കുന്ന ടോയിലറ്റുകളിൽ കയറുകയും മദ്യക്കുപ്പികൾ പൊട്ടിച്ചിടുകയും ചെയ്‌തതോടെയാണ് ആശുപത്രിയിലെത്തുന്നവർക്ക് ശൗചാലയം ഉപയോഗിക്കാൻ കഴിയാതായത്. ഇതേ തുടർന്ന് ഇപ്പോൾ രാത്രി ഏഴു മണിക്ക് ശേഷം ടോയിലറ്റുകൾ പൂട്ടിയിടുകയാണ് ചെയ്യുന്നത്.