v
പാരിപ്പള്ളി - മടത്തറ റോഡിലെ ഗതാഗത കുരുക്ക്

കൊല്ലം: പാരിപ്പള്ളി - മടത്തറ റോഡിലെ തുടർച്ചയായ ഗതാഗത സ്തംഭനം വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. വീതികുറഞ്ഞ റോഡിലെ ബസ് സ്റ്റോപ്പിൽ ബസുകൾ കൂട്ടത്തോടെ പാർക്ക് ചെയ്യുന്നതാണ് ഗതാഗതപ്രശ്നം രൂക്ഷമാക്കുന്നത്.

ഇരുവശങ്ങളിലേക്കും വാഹനങ്ങൾ തുടർച്ചയായി കടന്നുപോകുന്ന മടത്തറ റോഡിന് കഷ്ടിച്ച് അഞ്ച് മീറ്റർ വീതി മാത്രമാണുള്ളത്. ബസ് സ്റ്രോപ്പിനോട് ചേർന്നാണ് ഓട്ടോ സ്റ്റാൻഡും ചന്തയും പ്രവർത്തിക്കുന്നത്. നിരനിരയായി വ്യാപാര സ്ഥാപനങ്ങളുമുണ്ട്. രാവിലെയും വൈകിട്ടും നൂറുകണക്കിനാളുകളാണ് ഇവിടേക്ക് എത്തുന്നത്. സ്റ്റോപ്പിൽ ബസുകൾ കൂട്ടത്തോടെ പാർക്ക് ചെയ്യുന്നതോടെ റോഡിലെ തിരക്ക് വർദ്ധിക്കുകയും കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയാവുകയും ചെയ്യും. വാഹനങ്ങൾ തമ്മിൽ ഉരസി ഡ്രൈവർമാർ തമ്മിൽ വാക്കേറ്റമുണ്ടാകുന്നതും കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവ് കാഴ്ച്ചയാണ്. വീതി കുറഞ്ഞ റോഡിന്റെ വക്കിലാണ് ചന്തയിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തുന്നവർ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. നിരനിരയായി തെരുവ് കച്ചവടക്കാരുമുണ്ട്.

 ബസ് സ്റ്റാൻഡ് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

മടത്തറ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ബസ് സ്റ്റാൻഡ് മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപാരികൾക്കും നാട്ടുകാർക്കുമിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഒരുമാസം മുൻപാണ് ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം ചേർന്ന് മടത്തറ ഭാഗത്തേക്കുള്ള ബസുകൾ അടക്കമുള്ള ഭാരമേറിയ വാഹനങ്ങൾ മുക്കടയെത്തി ജവഹർ ജംഗ്ഷൻ റോഡ് വഴി പോകണമെന്ന് തീരുമാനമെടുത്തത്. മടത്തറയിലേക്കുള്ള ബസ് സ്റ്റോപ്പ് വർക്കലയിലേക്കുള്ള കാത്തിരിപ്പ് കേന്ദ്രത്തിലാക്കാനും തീരുമാനിച്ചിരുന്നു. ഓട്ടോ ഡ്രൈവർമാരും വ്യാപാരികളും പുതിയ നീക്കത്തിനെതിരെ രംഗത്ത് എത്തിയതോടെ നടപ്പിലാക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.

ബസ് പാർക്കിംഗ്

പുറപ്പെടാനുള്ള സമയത്തിന് അര മണിക്കൂർ മുൻപ് വരെ കൊട്ടാരക്കര, കടയ്ക്കൽ ഭാഗങ്ങളിലേക്കുള്ള ബസുകൾ ഇവിടെ നിറുത്തിയിടാറുണ്ട്. ഇവിടെ ബസ് പാർക്ക് ചെയ്ത ശേഷമാണ് ബസിലെ ജീവനക്കാർ പലപ്പോഴും പ്രാഥമിക ആവശ്യങ്ങൾ നി‌ർവഹിക്കാനും ഭക്ഷണം കഴിക്കാനും പോകുന്നത്. പുറപ്പെടുന്നതിന് അഞ്ച് മിനിറ്റ് മുൻപ് മാത്രമേ ബസുകൾ സ്റ്റോപ്പിൽ പാർക്ക് ചെയ്യാവുയെന്ന നിയന്ത്രണം കൊണ്ടുവന്നാൽ റോഡിലെ ഗതാഗത കുരുക്കിന് വലിയളവിൽ പരിഹാരമാകും.

ഇരുവശങ്ങളിലേക്കും വാഹനങ്ങൾ തുടർച്ചയായി കടന്നുപോകുന്ന മടത്തറ റോഡിന് കഷ്ടിച്ച് 5 മീറ്റർ വീതി മാത്രമാണുള്ളത്.