കരുനാഗപ്പള്ളി: മനുഷ്യ മനസ്സുകളെ ശുദ്ധീകരിക്കാൻ കഴിയുന്ന മന്ത്രങ്ങളാണ് ശ്രീനാരായണ ഗുരുദേവ ദർശനങ്ങളെന്ന് എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സംഘടിപ്പിച്ച ശിവഗിരി പദയാത്രയുടെ ഉദ്ഘാടനം യൂണിയൻ ആസ്ഥാനത്ത് നിർവഹിക്കുകയായിരുന്നു പ്രീതി നടേശൻ. ഗുരു പ്രകാശസ്വരൂപനാണ്. പീഡിതരുടെ ആശാകേന്ദ്രമാണ് ഗുരുവിന്റെ മഹാസമാധി സ്ഥലമായ ശിവഗിരി. കലിഷുതമായ വർത്തമാന കാലഘട്ടത്തിൽ ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി ഏറുകയാണ്. പദയാത്രയ്ക്കുള്ള പീത പതാക പദയാത്രാ ക്യാപ്ടൻ കെ.സുശീലന് പ്രീതി നടേശൻ കൈമാറി. പദയാത്രയുടെ ഡയറക്ടർ എ.സോമരാജൻ ആമുഖ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.സുശീലൻ, യോഗം ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, യൂണിയൻ കൗൺസിലർമാരായ എല്ലയ്യത്ത് ചന്ദ്രൻ, കള്ളേത്ത് ഗോപി, ക്ലാപ്പന ഷിബു, ബി.കമലൻ, കളരിയ്ക്കൽ സലിംകുമാർ, എം.ചന്ദ്രൻ, കുന്നേൽ രാജേന്ദ്രൻ, വനിതാ സംഘം നേതാക്കളായ മണിയമ്മ, മധുകുമാരി, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ സിബു നീലികുളം, ടി.ഡി. ശരത്ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. ഇന്ന് പുലർച്ചെ നാലു മണിക്ക് യൂണിയൻ ആസ്ഥാനത്തു നിന്നും ആരംഭിക്കുന്ന പദയാത്ര നാളെ വൈകിട്ട് 6 ന് ശിവഗിരിയിൽ എത്തിച്ചേരും.