കൊല്ലം: പുതുവർഷത്തോടെ ജില്ലാ ആശുപത്രിയിലെ ലിഫ്റ്റ് രോഗികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ പൂർണ സജ്ജമാകും. ആശുപത്രിയിൽ നിർമ്മാണം പുരോഗമിച്ച് വരുന്ന ലിഫ്റ്റ് ഒരു മാസം മുമ്പ് തന്നെ രോഗികൾക്കായി തുറന്നു കൊടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സാങ്കേതിക തടസങ്ങൾ മൂലം നീണ്ടു പോവുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ രണ്ട് ലിഫ്റ്റുകളിൽ ഒന്നിന്റെ പ്രവർത്തനം പൂർണമായും നിലച്ചിട്ട് രണ്ട് മാസത്തിലേറെയായി. ലിഫ്റ്റ് പ്രവർത്തന സജ്ജമല്ലാത്തതിനാൽ നാലാം നിലയിലെ കാർഡിയോളജി വാർഡിലേക്കും ഐ.സിയുവിലേക്കും എത്താനായി രോഗികൾ ബുദ്ധിമുട്ടുകയാണ്. നാലാം നിലയിൽ തന്നെയാണ് ടി.എം.ടി പരിശോധനയുമുള്ളത്. വർഷങ്ങളുടെ പഴക്കമുള്ള ലിഫ്റ്റ് പണിമുടക്കുന്നത് പതിവായതോടെ എം. മുകേഷ് എം.എൽ.എയുടെ ഫണ്ടിൽ നിന്നുള്ള 30 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം നടത്താൻ തീരുമാനിച്ചത്.
ഒന്നാം നമ്പർ ലിഫ്റ്റിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. പുതുവർഷത്തിലെ ആദ്യ ആഴ്ച തന്നെ നിർമ്മാണം പൂർത്തിയാക്കി രോഗികൾക്ക് തുറന്നു നൽകാനാകുമെന്നാണ് പ്രതീക്ഷ.
ഡോ. വസന്തദാസ്,
ജില്ലാ ആശുപത്രി സൂപ്രണ്ട്
എം. മുകേഷ് എം.എൽ.എയുടെ ഫണ്ടിൽ നിന്നുള്ള 30 ലക്ഷം രൂപ ഉപയോഗിച്ചാണ് ലിഫ്റ്റിന്റെ നിർമ്മാണം പുരോഗമിക്കുന്നത്
രണ്ട് ലിഫ്റ്റുകളിൽ ഒന്നിന്റെ പ്രവർത്തനം പൂർണമായും നിലച്ചിട്ട് 2 മാസത്തിലേറെയായി.
നിലവിൽ പ്രവർത്തിക്കുന്നത് 1 ലിഫ്റ്റ്
ജില്ലാ ആശുപത്രിയിൽ കേടായ ലിഫ്റ്റിന്റെ പുനർനിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണെന്ന ആക്ഷേപം നിലനിൽക്കേയാണ് രണ്ടാമത്തെ ലിഫ്റ്റും കേടായത്. അതോടെ രോഗികളുടെ ബുദ്ധിമുട്ട് വർദ്ധിച്ചു. തുടർന്ന് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയാണ് രണ്ടാമത്തെ ലിഫ്റ്റിന്റെ പ്രവർത്തനം പുനരാരംഭിച്ചത്. ഇപ്പോഴും ഈ ലിഫ്റ്റ് മാത്രമാണ് പ്രവർത്തന ക്ഷമമായിട്ടുള്ളത്.
രോഗികൾ വലയുന്നു
ആശുപത്രിയിലെ രണ്ടാം നമ്പർ ലിഫ്റ്റിലൂടെ മൂന്നാം നിലവരെ രോഗികളെ എത്തിച്ച ശേഷം സെക്യൂരിറ്രി ജീവനക്കാരുടെ ഉൾപ്പെടെ സഹായത്തോടെ സ്ട്രെച്ചറിലാണ് രോഗികളെ നാലാം നിലയിൽ എത്തിക്കുന്നത്. ചിലരെ സ്ട്രെച്ചറില്ലാതെ താങ്ങിക്കൊണ്ട് പോകുന്ന അവസ്ഥയുമുണ്ട്. മറ്റു ചിലരെ പടികളിലൂടെ എടുത്തുകൊണ്ടാണ് പോകുന്നത്.