ചവറ: പൗരത്വ നിയമ സമരത്തിനെതിരെ രാഷ്ട്രീയ പരാമർശം നടത്തിയ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെ ചുമതലകളിൽ നിന്ന് പുറത്താക്കാൻ രാഷ്‌ട്രപതി തയ്യാറാകണമെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബാബു ദിവാകരൻ ആവശ്യപ്പെട്ടു. ദേശീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി ആർ.എസ്.പി. ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചവറ ടെലിഫോൺ എക്സ്ചേഞ്ച് ഉപരോധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഉയർന്നുവരുന്ന വിദ്യാർത്ഥി സമരങ്ങളെക്കുറിച്ചു രാഷ്ട്രീയ പ്രസ്താവന നടത്താൻ കരസേനാ മേധാവിക്ക് ആരാണ് അധികാരം നൽകിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. കരസേനാ മേധാവി രാഷ്ട്രീയ പ്രസ്താവനകൾ നടത്തി കേന്ദ്രസർക്കാരിനെ പ്രീണിപ്പിച്ചു സംയുക്ത സേനാപതി ആകാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർ.എസ്.പി സംസ്ഥാന സമിതിയംഗം ഡെറിയസ് ഡിക്രൂസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മണ്ഡലം സെക്രട്ടറി ആർ.നാരായണപിള്ള സ്വാഗതം പറഞ്ഞു. ജസ്റ്റിൻ ജോൺ, സക്കീർ ഹുസൈൻ, വാഴയിൽ അസീസ്, കോക്കാട്ട് റഹിം, സി.പി. സുധീഷ്കുമാർ, എസ്. ലാലു, മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. ചവറ നല്ലേഴുത്ത് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനത്തിൽ എസ്. ശോഭ, കെ.പി. ഉണ്ണികൃഷ്ണൻ, എസ്. തുളസീധരൻപിള്ള, നന്ദകുമാർ, ശിവൻകുട്ടി, ചന്ദ്രബാബു, അനിൽ, താജ് പോരൂക്കര, രാജ്‌മോഹൻ, എസ്. ജയലക്ഷ്മി, മുംതാസ്, സുനിത എന്നിവർ നേതൃത്വം നൽകി.