പ്രമേയം പാസാക്കാനായില്ല
ബി.ജെ.പി അംഗങ്ങൾക്ക് മൗനം
കൊല്ലം: പൗരത്വ ഭേദഗതി ബില്ലിനെതിരെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ട്. ബില്ലിനെതിരെ എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾ വെവ്വേറെ പ്രമേയങ്ങൾ കൊണ്ടുവന്നെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം കൗൺസിലിൽ അവതരിപ്പിക്കാനായില്ല. എന്നാൽ ഇതുസംബന്ധിച്ച പൊതുചർച്ചയിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ നിശിതമായ വിമർശനം ഉയർത്തിയപ്പോൾ കൗൺസിലിലെ രണ്ട് ബി.ജെ.പി അംഗങ്ങൾ മൗനം പാലിച്ചു.
എൽ.ഡി.എഫ് പ്രമേയത്തിൽ നിർദ്ദേശകനായത് സി.പി.എമ്മിലെ എസ്. രാജ്‌മോഹനാണ്. സി.പി.ഐയിലെ സൈജു പിന്താങ്ങി. യു.ഡി.എഫ് കൊണ്ടുവന്ന പ്രമേയം എം.എസ്. ഗോപകുമാറാണ് നിർദ്ദേശിച്ചത്. കോൺഗ്രസ് അംഗം ബി. അനിൽകുമാർ പിന്താങ്ങി. പ്രമേയാവതരണത്തിലൊതുക്കാതെ കൗൺസിലംഗങ്ങളും ഉദ്യോഗസ്ഥരും സംയുക്തമായി ധർണ നടത്തണമെന്ന് സി.പി.ഐ അംഗം എൻ. മോഹനൻ നിർദ്ദേശിച്ചു. പ്രത്യേക കൗൺസിൽ യോഗം വിളിച്ചുചേർത്ത് പൗരത്വനിയമത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് അംഗം ബി. അജിത്കുമാർ ആവശ്യപ്പെട്ടു.
തെരുവ് നായ ശല്യം: ഭരണപക്ഷത്ത് നിന്ന് രൂക്ഷ വിമർശനം
തെരുവ് നായ ശല്യത്തിനെതിരെ കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്ത് നിന്ന് രൂക്ഷ വിമർശനം ഉയർന്നു. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്ന എ.ബി.സി പദ്ധതി ഉപേക്ഷിച്ചോയെന്ന് പല അംഗങ്ങളും ചോദിച്ചു. വന്ധ്യംകരിക്കുന്ന നായകളെ കൂട്ടത്തോടെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയാണെന്നും ആരോപണം ഉയർന്നു. വീട്ടിൽ വളർത്തുന്ന നായകളെ പ്രായമാകുമ്പോൾ തെരുവിൽ ഉപേക്ഷിക്കുന്നതായും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി.
തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള നടപടി പൂർത്തിയാക്കിയ ശേഷം അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുമെന്ന് ഇതുസംബന്ധിച്ച് ഉയർന്ന ചർച്ചയ്ക്ക് മറുപടിയായി മേയർ ഹണി പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.എസ്. പ്രിയദർശൻ, ചിന്ത.എൽ. സജിത്ത്, എം.എ. സത്താർ, കൗൺസിലർമാരായ എം.എസ്. ഗോപകുമാർ, എൻ. മോഹനൻ, ടി. ലൈലാകുമാരി, പ്രേം ഉഷാർ, ചന്ദ്രികാദേവി, ബി. അനിൽകുമാർ, ബി. ഷൈലജ, എസ്.ആർ. ബിന്ദു, എസ്. മീനാകുമാരി, വിനീത വിൻസെന്റ്, ജെ. സൈജു, എസ്. പ്രസന്നൻ, സന്ധ്യ ബൈജു, സലീന തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
അജണ്ടയിൽ ഉൾക്കൊള്ളിക്കുന്ന വിഷയങ്ങൾ മൂന്ന് ദിവസത്തിന് മുമ്പ് കോർപ്പറേഷൻ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ കഴിയാതിരുന്നതിനാലാണ് പ്രമേയം ഇന്നലെ അവതരിപ്പിക്കാൻ കഴിയാതിരുന്നത്
മേയർ ഹണി