money

കൊല്ലം: ബാങ്ക് മാനേജർ എന്ന വ്യാജേന ഫോൺവഴി എ.ടി.എം. കാർഡ് നമ്പരും ഒ.ടി.പിയും വാങ്ങി സർക്കാർ ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടി. മാദ്ധ്യമപ്രവർത്തകനും കവിയുമായിരുന്ന പരേതനായ ചാത്തന്നൂർ മോഹനന്റെ ഭാര്യ ജയകുമാരിയുടെ അക്കൗണ്ടിൽ നിന്നാണ് 9999 രൂപ തട്ടിയത്. ഇന്നലെ ഉച്ചയ്ക്ക് 12.50നാണ് ബാങ്ക് മാനേജർ എന്ന് പരിചയപ്പെടുത്തി ജയകുമാരിയ്ക്ക് ഫോൺ വന്നത്. അക്കൗണ്ട് ആരോ ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നുവെന്നും എ.ടി.എം കാർഡിന്റെ നമ്പർ വേണമെന്നുമായിരുന്നു ആവശ്യം.

ബാങ്ക് ശാഖയും കൃത്യമായി തട്ടിപ്പുകാരൻ പറഞ്ഞു. ഇംഗ്ലീഷിലായിരുന്നു സംസാരം. ബാങ്കിലേക്ക് ഉടൻവരാമെന്ന് ജയകുമാരി പറഞ്ഞുവെങ്കിലും അതിന്റെ ആവശ്യമില്ലെന്നും ഉടൻ ശരിയാക്കാമെന്നുമായിരുന്നു മറുപടി. എ.ടി.എം. കാർഡിന്റെ നമ്പർ പറഞ്ഞുകൊടുത്തതിന് പിന്നാലെ മൊബൈൽ ഫോണിലേക്ക് വന്ന ഒ.ടി.പി നമ്പരും ആവശ്യപ്പെട്ടു. ജയകുമാരി ഒ.ടി.പി നമ്പരും നൽകിയതോടെ ഫോൺ കട്ടായി. ഉടൻതന്നെ മകനെ വിളിച്ച് കാര്യങ്ങൾ പറയുകയും വിളിച്ച നമ്പർ നൽകുകയും ചെയ്തു.

ആ നമ്പരിലേക്ക് മകൻ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. രണ്ട് മിനിറ്റിനുള്ളിൽ ബാങ്കിന്റെ എറണാകുളം ശാഖയിൽ നിന്ന് ജയകുമാരിയെ വിളിച്ച് പണം പിൻവലിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു. നടന്ന സംഭവങ്ങൾ ജയകുമാരി പറഞ്ഞപ്പോഴാണ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച വിവരം ബാങ്കിൽ നിന്ന് അറിയിക്കുന്നത്. ഉടൻതന്നെ എ.ടി.എം. കാർഡ് ബ്ലോക്ക് ചെയ്തു. ബാങ്കിന്റെ കൊല്ലത്തെ ശാഖയിലും ഈസ്റ്റ് പൊലീസിലും സൈബർ സെല്ലിനും പരാതി നൽകി.