അഞ്ച് സെന്റ് പുരയിടം സമ്മാനിച്ച് പ്രവാസി
പത്തനാപുരം: പുറമ്പോക്ക് പുരയിടത്തിൽ ദുരിതജീവിതം നയിച്ചിരുന്ന മൂന്നംഗ കുടുംബത്തിന് ക്രിസ്മസിന് അഞ്ച് സെന്റ് പുരയിടം സമ്മാനിച്ച് പ്രവാസി. പിടവൂർ നെല്ലിമൂട്ടിൽ ജേക്കബ് ജോർജാണ് സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി കുടുംബത്തിന് തണലേകുന്നത്.
പിടവൂർ ശാലേം ഓർത്തഡോക്‌സ് ദേവാലയത്തിലെ ക്രിസ്മസ് കരോളിന്റെ ഭാഗമായി ഇടവകാംഗമായ പുന്നല ചാച്ചിപ്പുന്ന തച്ചക്കോട് പറങ്കാംവിള ഷാജിയുടെ വീട്ടിലെത്തിയ സംഘം കനാൽ പുറമ്പോക്കിലെ തകരാറായ കൂരയിലാണ് ഷാജിയെയും കുടുംബത്തെയും കാണുന്നത്. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തി താമസയോഗ്യമാക്കി നൽകണമെന്ന് ഇടവക വികാരി ഫാ. തോമസ് പി. മുകളിലും കരോൾ സംഘത്തിലുള്ളവരും ആലോചന നടത്തുന്നതിനിടെയാണ് പ്രവാസിയായ ജേക്കബ് ജോർജെന്ന കൊച്ചുമോൻ തന്റെ വക അഞ്ച് സെന്റ് പുരയിടം കുടുംബത്തിന് ദാനമായി നൽകാമെന്ന് അറിയിച്ചത്.
കൂലിവേലക്കാരനായ ഷാജി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുമ്പോൾ കിടപ്പാടം മെച്ചപ്പെടുത്തുകയെന്നത് ഈ കുടുംബത്തിന് സ്വപ്നം മാത്രമായിരുന്നു. കനാൽ പുറമ്പോക്കിലെ താമസക്കാരായതിനാൽ പട്ടയം പോലും ഇവർക്ക് ലഭ്യമല്ല. അതിനാൽ അറ്റകുറ്റപ്പണികൾക്ക് പഞ്ചായത്തിൽ നിന്ന് യാതൊരുവിധ സഹായവും ലഭിക്കാത്ത അവസ്ഥയായിരുന്നു.
പിടവൂർ ദേവാലയത്തിന് സമീപമുള്ള ഗതാഗത സൗകര്യമുള്ള വസ്തുവാണ് ജേക്കബ് ജോർജ് ഷാജിക്ക് ക്രിസ്മസ് സമ്മാനമായി നൽകിയത്. അറബ് നാടുകളിലും, യു.കെയിലും പ്രവാസജീവിതം നയിച്ച കൊച്ചുമോൻ ഇപ്പോൾ വയോധികയായ മാതാവിനൊപ്പം നാട്ടിലാണ് താമസം. വസ്തു ലഭിച്ചതോടെ ഷാജിക്ക് ദേവാലയത്തിന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹകരണത്തോടെ വീടൊരുക്കാനാണ് എല്ലാവരുടെയും തീരുമാനം.