അഞ്ചംഗ സംഘത്തിൽ രണ്ട് പേർ ഓടി രക്ഷപ്പെട്ടു
കൊട്ടാരക്കര: ഒന്നര ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്ന് പേർ കൊട്ടാരക്കരയിൽ പിടിയിലായി. തിരുവനന്തപുരം കുടപ്പനമൂട് കോവല്ലൂർ ലീലാവിലാസത്തിൽ ഡാനി(34), വെള്ളറട കാരംമൂട് പ്രിൻസ് ഭവനിൽ പ്രശാന്ത്(30), അമ്പൂരി വെള്ളറിക്കുന്ന് പ്രണവ് ഹൗസിൽ പ്രണവ് (27) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടിൽ നിന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന പത്ത് ചാക്ക് പുകയില ഉത്പന്നങ്ങളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. പുകയില ഉത്പന്നങ്ങൾ കൊണ്ടുവന്ന സ്കോർപ്പിയോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. റൂറൽ എസ്.പി ഹരിശങ്കറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വാഹന പരിശോധന നടത്തുമ്പോഴാണ് സംഘം പിടിയിലായത്. അഞ്ചംഗ സംഘത്തിലെ മറ്റ് രണ്ടുപേർ ഓടിരക്ഷപെട്ടു.
ജില്ലയിൽ ലഹരി വസ്തുക്കളുടെ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് റൂറൽ എസ്.പി പറഞ്ഞു. എസ്.ഐമാരായ രാജീവ്, സാബുജി മാസ്, സുധീഷ്, തോമസ് മാത്യു, അജയൻ, സി.പി.ഒമാരായ ഷിബു, മഹേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ റൂറൽ ഡാൻസാഫ് അംഗങ്ങളുടെ സഹായത്തോടെ പ്രതികളെ അറസ്റ്റ് ചെയ്തത്.