# മത്സ്യത്തൊഴിലാളികൾക്ക് വാഹന ലൈസൻസ് വിതരണം ചെയ്തു
കൊല്ലം: മറൈൻ അക്കാഡമിയിൽ പരിശീലനം നൽകി മത്സ്യബന്ധന യാനങ്ങളിലെ സ്രാങ്കുകൾക്ക് ലൈസൻസ് ലഭ്യമാക്കുന്നത് പരിഗണനയിലാണെന്ന് മന്ത്റി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി തീരസേനയ്‌ക്കൊരു ലൈസൻസ് പദ്ധതി പ്രകാരമുള്ള വാഹന ലൈസൻസ് മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി.
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഷിപ്പിംഗ് നിയമത്തിൽ നിന്ന് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. നിയമം നടപ്പാക്കിയാൽ 12 നോട്ടിക്കൽ മൈലിന് അപ്പുറത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ സാധിക്കില്ല. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ഏറെ ദോഷകരമായി ബാധിക്കുന്ന ഈ പ്രശ്നം പരിഹരിക്കാനാണ് സ്രാങ്കുകൾക്ക് പരിശീലനം നൽകുന്നതെന്നും മന്ത്റി പറഞ്ഞു.
ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ ബി. മുരളീകൃഷ്ണൻ, ഫിഷറീസ് യൂണിവേഴ്സിറ്റി ഭരണസമിതി അംഗം എച്ച്. ബെയ്സിൽ ലാൽ, കോർപ്പറേഷൻ കൗൺസിലർമാരായ വിനീത വിൻസന്റ്, ഷീബ ആന്റണി, ആർ.ടി.ഒ വി.സജിത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അജോയ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഗീതാകുമാരി, ട്രാഫിക് എസ്.ഐ പി. പ്രദീപ്, ട്രാക്ക് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, സെക്രട്ടറി ജോർജ് എഫ്.സേവ്യർ തുടങ്ങിയവർ സംസാരിച്ചു.