പുനലൂർ: പുനലൂർ ശ്രീരാമപുരം മാർക്കറ്റിൽ നിന്ന് നഗരസഭ കൗൺസിലർക്ക് ലഭിച്ചത് പുഴുവരിക്കുന്ന മത്സ്യം. നഗരസഭയിലെ കലുങ്ങുംമുകൾ വാർഡ് കൗൺസിലർ സിന്ധു ഗോപകുമാർ വാങ്ങിയ മത്സ്യത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്. കൗൺസിലറുടെ പരാതിയെ തുടർന്ന് മാർക്കറ്റിൽ പരിശോധനയ്ക്കെത്തിയ നഗരസഭ ഉദ്യോഗസ്ഥരുമായും പൊലീസുമായും മത്സ്യവ്യാപാരികൾ വാക്കേറ്റത്തിലായി. ഇവർക്കെതിരെ വ്യാപാരികൾ അസഭ്യവർഷം നടത്തിയതായും പറയുന്നു.
ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പുതിയ വീടിന്റെ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു കൗൺസിലർ. മറ്റ് സാധനങ്ങൾ വാങ്ങിയ ശേഷം മത്സ്യ മാർക്കറ്റിൽ എത്തിയെങ്കിലും ചീഞ്ഞ മത്സ്യമാണെന്ന് പറഞ്ഞ് കൗൺസിലർ പിൻതിരിഞ്ഞു. എന്നാൽ നല്ല മത്സ്യമാണെന്ന് ഉറപ്പ് നൽകിയ ഒരു വ്യാപാരി ഒരു കിലോക്ക് മുന്നൂറ് രൂപ വിലയുള്ള ചൂര മീൻ സിന്ധുവിന് നൽകി. വീട്ടിലെത്തിയ ശേഷം പാത്രത്തിലേക്ക് ഇട്ടപ്പോൾ മത്സ്യത്തിൽ നിന്ന് നിരവധി പുഴുക്കൾ പുറത്ത് വരുകയായിരുന്നു. ആരോഗ്യവിഭാഗം അധികൃതർക്ക് പരാതി നൽകിയ ശേഷം ചീഞ്ഞ മത്സ്യം മറവ് ചെയ്തു.