adoor
മലയാള ഐക്യ വേദിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചാത്തന്നൂർ: കേരളത്തിൽ ഭരണഭാഷയായി മലയാളം അംഗീകരിക്കപ്പെട്ടെങ്കിലും കേരള പി.എസ്.സി ഇത് പൂർണമായി അംഗീകരിച്ചിട്ടില്ലെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. മലയാള ഐക്യ വേദിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളമൊഴിച്ചുള്ള എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും തൊഴിൽ പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ അവരവരുടെ മാതൃഭാഷകളിൽ അച്ചടിച്ച് നൽകുന്നു. എന്നാൽ കേരളത്തിൽ പി.എസ്.സി നടത്തുന്ന എല്ലാ തൊഴിൽ പരീക്ഷകൾക്കും മലയാളത്തിൽകൂടി ചോദ്യപ്പേപ്പർ ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല. ഐ.എ.എസ് പരീക്ഷ പോലും മലയാളത്തിലെഴുതാൻ അനുവദിക്കുന്നു. എന്നാൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്ക് നടത്താൻ പോകുന്ന പരീക്ഷ ഇംഗ്ലീഷിലാണ്. ഇത്​ തികച്ചും അനീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കവി കുരീപ്പുഴ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി. പവിത്രൻ ആമുഖപ്രഭാഷണം നടത്തി. ജി.എസ്. ജയലാൽ എം.എൽ.എ, ആർ. നന്ദകുമാർ, എ. സുരേഷ്, ആർ. ശശികല, എൻ. സതീശൻ, ജി. പ്രദീപ്കുമാർ, ഡോ. കെ.എം. ഭരതൻ, മലയാള ഐക്യവേദി ജില്ലാ സെക്രട്ടറി മടന്തകോട് രാധാകൃഷ്ണൻ, പ്രസിഡന്റ് അഡ്വ. സുരേന്ദ്രൻ കടയ്‌ക്കോട് എന്നിവർ സംസാരിച്ചു. യോഗത്തിൽ അടുതല ജയപ്രകാശിന്റെ ' ഐച്ഛികം' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം എൻ.പി. പ്രിയേഷിന് കോപ്പി നൽകിക്കൊണ്ട് അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. ഡോ. പി. പവിത്രന്റെ 'കോളനി അനന്തരവാദം​ സംസ്‌ക്കാരപഠനവും, സൗന്ദര്യശാസ്ത്രവും' എന്ന പുസ്തകത്തിന്റെ പ്രകാശനം റിമാ സെന്നിന് കോപ്പി നൽകിക്കൊണ്ട് അടൂർ നിർവഹിച്ചു. പി. രമണിക്കുട്ടി വരച്ച ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനം ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസും, പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. രവീന്ദ്രനും നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി. പ്രിയേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.