sivankutty
എൻ.ശിവൻകുട്ടി

കൊട്ടിയം : കെ.എസ്.ആർ.ടി.സി ഡ്രൈവറും സി.ഐ.ടി.യു ജില്ലാ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ അംഗവുമായ തൃക്കോവിൽവട്ടം മുഖത്തല സ്വദേശിയെ മൂന്നംഗ സംഘം ആക്രമിച്ചതായി പരാതി. കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയിലെ ഡ്രൈവർ തൃക്കോവിൽവട്ടം മുഖത്തല അഞ്ജലി ഭവനിൽ എൻ. ശിവൻകുട്ടിയാണ് ( 51) ആക്രമത്തിനിരയായത്. കാലിൽ ഗുരുതരമായി പരിക്കേറ്റ ശിവൻകുട്ടി 18 ദിവസം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നവംബർ 17ന് വൈകിട്ട് 6.30ന് മുഖത്തല - കല്ലുവെട്ടാംകുഴി റോഡിൽ വച്ചാണ് മൂന്നംഗ സംഘം ശിവൻകുട്ടിയെ ആക്രമിക്കുകയും കാല് തല്ലിയൊടിക്കുകയും ചെയ്തത്. മുഖത്തല ക്ഷേത്ര ദർശനത്തിനായി സ്കൂട്ടറിൽ വരുമ്പോൾ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ശേഷമാണ് ആക്രമിച്ചെതെന്ന് കൊട്ടിയം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് അന്ന് കേസെടുത്തെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ലെന്ന് കാട്ടി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. കാലിന് പരിക്ക് പറ്റിയതിനാൽ ജോലിക്ക് പോകാനാകാത്ത സ്ഥിതിയിലാണ് ഇയാൾ.