parippally
പാരിപ്പള്ളി ജംഗ്ഷനിലെ ഡിവൈഡറിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ

 നടപ്പാത കൈയടക്കി അനധികൃത പാർക്കിംഗ്

കൊല്ലം: റോഡ് വക്കിലെ അനധികൃത പാർക്കിംഗ് മൂലം പാരിപ്പള്ളി ജംഗ്ഷനിൽ കാൽനടയാത്രക്കാർക്ക് കാലുകുത്താൻ ഒരുതരി ഇടമില്ല. ദേശീയപാതയിൽ കൊല്ലത്തേക്കുള്ള ഭാഗത്ത് അമൃത സ്കൂൾ മുതൽ പരവൂർ റോഡിലേക്ക് തിരിയുന്നിടം വരെ കടകൾക്ക് മുന്നിൽ നിരനിരയായി വാഹനങ്ങളാണ്. കാൽനട യാത്രക്കാർ ഈ ഭാഗമെത്തുമ്പോൾ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്.

ജംഗ്ഷന്റെ ഹൃദയ ഭാഗത്ത് നടപ്പാത ടാക്സി, ലോറി സ്റ്റാൻഡുകൾ കൈയടക്കിയിരിക്കുകയാണ്. ഇതിന് പുറമേയാണ് വഴിയോര കച്ചവടക്കാർ. പരവൂർ, മടത്തറ റോഡുകളിലും സ്ഥിതി സമാനമാണ്. അനധികൃത പാർക്കിംഗിന് പുറമേ ഒരുവശം പൂർണമായും ഇവിടെ ഓട്ടോ സ്റ്റാൻഡായി മാറിയിരിക്കുകയാണ്.

ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവർക്ക് പുറമേ ദൂരസ്ഥലങ്ങളിലേക്ക് യാത്ര പോകുന്നവരും ജംഗ്ഷനിൽ വാഹനം പാർക്ക് ചെയ്ത ശേഷമാണ് ബസ് കയറുന്നത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ് സ്റ്റാൻഡിന് മുന്നിലുള്ള ഡിവൈഡർ നേരം പുലരുമ്പോൾ തന്നെ ഇരുചക്ര വാഹനങ്ങൾ കൊണ്ട് നിറയും. ഇത് കാൽനടയാത്രികർക്ക് റോ‌ഡ് മുറിച്ചുകടക്കാനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പാർക്കിംഗിന് പ്രത്യേക സ്ഥലമില്ലാത്തത് ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടത്തെയും ബാധിക്കുന്നുണ്ട്.

 വേണം പാർക്കിംഗ് കേന്ദ്രം

അനധികൃത പാർക്കിംഗ് സൃഷ്ടിക്കുന്ന ഗതാഗത കുരുക്കും കാൽനടയാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടും പരിഹരിക്കാൻ പ്രത്യേക പാർക്കിംഗ് കേന്ദ്രം സജ്ജമാക്കണമെന്ന് നാട്ടുകാർ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർക്ക് കേട്ട ഭാവമില്ല. ജംഗ്ഷനോട് ചേർന്ന് പൊതുസ്ഥലം ലഭ്യമല്ലെങ്കിൽ സ്വകാര്യ ഭൂമിയിലെങ്കിലും പേ ആൻഡ് യൂസ് സംവിധാനത്തിൽ പാർക്കിംഗ് കേന്ദ്രം ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.