c
നഗരത്തിലെ കച്ചവടക്കാർ വെന്റിംഗ് സോണിനായി വെയിറ്രിംഗിൽ!

കൊല്ലം: കൊല്ലം നഗരസഭയുടെ കീഴിൽ നഗരസൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും പാവപ്പെട്ട വഴിയോര കച്ചവടക്കാർക്കായി പ്രഖ്യാപിച്ച വെന്റിംഗ് സോൺ പദ്ധതി ഇതുവരെയും എങ്ങുമെത്തിയില്ല. കൊല്ലത്തെത്തുന്ന വിനോദ സഞ്ചാരികൾക്കും പൊതുജനങ്ങൾക്കും സാധനങ്ങൾ വാങ്ങാൻ ഏറെ ഉപയോഗപ്രദമാകുന്ന തരത്തിൽ നഗരത്തിലെ കച്ചവടക്കാർക്ക് വില്പനയ്ക്കായി പ്രത്യേക സ്ഥലം നൽകുമെന്ന അധികൃതരുടെ ഉറപ്പ് കടലാസിൽ മാത്രമായി ഒതുങ്ങുകയാണ്.

തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനായി കോർപ്പറേഷൻ നടപ്പിലാക്കാൻ ഒരുങ്ങുന്ന വെന്റിംഗ് സോൺ പദ്ധതിയുമായി ബന്ധപ്പെട്ട് പുള്ളിക്കടയിലെ റോഡിന് ഇരുവശത്തുമുള്ള രണ്ട് പെട്ടിക്കടകൾ ഒഴിപ്പിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ കോർപ്പറേഷൻ അധികൃതരും കളക്ടറുമായുള്ള ചർച്ചകൾക്ക് ശേഷം വെൻഡിംഗ് സോൺ പ്രഖ്യാപനം നടക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ നഗരത്തിൽ നടപ്പാതകളിലുൾപ്പെടെ വീണ്ടും കച്ചവടങ്ങൾ വ്യാപകമാകുന്നതല്ലാതെ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല.

വെന്റിംഗ് സോൺ പദ്ധതി

നഗരത്തിൽ പലയിടങ്ങളിലായി കച്ചവടം നടത്തുന്നവരെ പല മേഖലകളിലായി വിന്യസിക്കുക എന്നതാണ് വെന്റിംഗ് സോൺ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒരു മേഖലയിൽ എത്തുന്നവർക്ക് അവിടെ നിന്ന് അവശ്യ സാധനങ്ങൾ വാങ്ങാൻ കഴിയും. തിരക്ക് കുറയ്‌ക്കുന്നതിനൊപ്പം കച്ചവടക്കാർക്ക് സൗകര്യപ്രദമായി കച്ചവടവും നടത്താം.

തെരുവോര കച്ചവടക്കാർക്ക് കാർഡുകൾ നൽകുന്നതിലുള്ള പ്രതിസന്ധികൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ പല കൗൺസിലുകളിലും ചർച്ച ചെയ്‌തിരുന്നു. അർഹരായ എല്ലാവർക്കും ഗുണമുണ്ടാകുന്ന തരത്തിലായിരിക്കും സോണുകളിൽ സ്ഥലം നൽകുകയെന്നും അറിയിച്ചിരുന്നു. എന്നാൽ നടപടികളിലെ മെല്ലെപ്പോക്ക് കച്ചവടക്കാരിലും ആശങ്ക ഉണ്ടാക്കുന്നുണ്ട്.

''വെന്റിംഗ് സോണിലേക്കുള്ള തെരുവോര കച്ചവടക്കാരുടെ പട്ടികയിൽ 816 പേരാണ് ഉള്ളത്. പട്ടിക പുനപരിശോധിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. അതും കാലതാമസത്തിന് ഒരു കാരണമായി. സ്ഥലം കിട്ടുന്നത് അനുസരിച്ച് ഘട്ടം ഘട്ടമായാണ് വെന്റിംഗ് സോണുകൾ പ്രഖ്യാപിക്കുക. വരുന്ന രണ്ട് മാസത്തിനുള്ളിൽ എല്ലാം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.'' പ്രിയദർശനൻ, നഗരാസൂത്രണ സ്റ്രാൻഡിംഗ് കമ്മിറ്രി ചെയർമാൻ

  1. വെന്റിംഗ് സോണിലേക്കുള്ള തെരുവോര കച്ചവടക്കാരുടെ പട്ടികയിൽ 816 പേരാണ് ഉള്ളത്.