 
കൊല്ലം: വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ശിവഗിരി തീർത്ഥാടന പദയാത്രകൾക്ക് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. പദയാത്രകളിലധികവും ബൈപ്പാസ് വഴി കടന്നുവന്നതിനാൽ മേവറം ജംഗ്ഷനിലായിരുന്നു സ്വീകരണം. പീത പുഷ്പങ്ങളും പീത വർണത്തിലുള്ള പൊന്നാടയും ചാർത്തിയാണ് പദയാത്രികരെ സ്വീകരിച്ചത്. തൊട്ടടുത്തുള്ള ഓഡിറ്റോറിയത്തിൽ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. ഉച്ച നേരത്തിന് മുൻപും ശേഷവും എത്തിയ പദയാത്രികർക്ക് ലഘുഭക്ഷണവും ലഘുപാനീയവും വിതരണം ചെയ്തു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് രാജീവ് കുഞ്ഞുകൃഷ്ണൻ, വനിതാസംഘം സംസ്ഥാന നേതാവ് മേഴ്സി ബാലചന്ദ്രൻ, അഡ്വ. ഷേണാജി, ആനേപ്പിൽ എ.ഡി. രമേഷ്, ഇരവിപുരം സജീവൻ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി. പദയാത്രികർക്ക് കൊല്ലം എസ്.എൻ വനിതാ കോളേജ്, എൻ.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിൽ രാത്രിസമയത്ത് തങ്ങാനും വിശ്രമിക്കാനുമുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടം കേന്ദ്രീകരിച്ചും ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്നുണ്ട്.