domnic

കൊല്ലം: സുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ച് കടന്ന് വധഭീഷണി മുഴക്കിയ ഗുണ്ടാ നേതാവ് പിടിയിലായി. ശക്തികുളങ്ങര കന്നിമേൽ ചേരി ഉളത്തൂർ പടിക്കതിൽ ജോസ് ഭവനത്തിൽ ഡോമി എന്നി വിളിക്കുന്ന ഡൊമനിക്കാണ് (24) പിടിയിലായത്. ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ക്രിസ്മസും ന്യൂ ഇയറും പ്രമാണിച്ച് വില്പന നടത്താൻ വൻതോതിൽ ലഹരി പദാർത്ഥങ്ങൾ സംഭരിച്ചിരുന്നു. ഇതിനിടയിൽ സംഘത്തിലെ ജഗൻ എന്ന യുവാവുമായി ഡൊമനിക് ഇടഞ്ഞു. ഇതിന്റെ വൈരാഗ്യത്തിൽ ഡൊമനികും സുഹൃത്തായ അനന്ദുവും ചേർന്ന് കഴിഞ്ഞ 25ന് പുലർച്ചെ 2ന് ജഗന്റെ വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന് വധഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഇന്നലെയാണ് പിടിയിലായത്. ഡൊമനിക് വധശ്രമം ഉൾപ്പെട നിരവധി കേസുകളിൽ പ്രതിയാണ്. 2102ൽ കാപ്പ ചുമത്താൻ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ അതിന് കഴിഞ്ഞിരുന്നില്ല. ശക്തികുളങ്ങര എസ്.എച്ച്.ഒ എസ്.ടി. ബിജു, എസ്.ഐമാരായ ജിബി, നാസർ, എ.എസ്.ഐ സജിത്, സി.പി.ഒമാരായ ശ്രീലാൽ, ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.