aana
കോട്ടൂർ ആനപരിപാലന കേന്ദ്രത്തിൽ ചെരിഞ്ഞ ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ആന നീലകണ്ഠൻ

ശാസ്താംകോട്ട: രോഗശയ്യയിലായിരുന്ന ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ആന നീലകണ്ഠൻ ചെരിഞ്ഞു. ഇന്നലെ രാവിലെ 9.30ന് തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലായിരുന്നു അന്ത്യം. വർഷങ്ങളായി രോഗബാധിതനായിരുന്ന നീലകണ്ഠനെ ഹൈക്കോടതി ഇടപെട്ടതിനെ തുടർന്നാണ് വിദഗ്ദ്ധ ചികിത്സ നൽകാൻ അഞ്ചു മാസം മുമ്പ് കോട്ടൂർ ആന പരിപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയത്.

ശാസ്താംകോട്ട ക്ഷേത്രത്തിലെ ഗജകേസരി മണികണ്ഠൻ ചെരിഞ്ഞതിനെ തുടർന്ന് 2003ൽ പ്രവാസി വ്യവസായിയായ അജിത്ത് കുമാർ ബി പിള്ളയാണ് നീലകണ്ഠനെ അഞ്ചാമത്തെ വയസിൽ ശാസ്താംകോട്ട ക്ഷേത്രത്തിൽ നടയ്ക്കരുത്തിയത്. വർഷങ്ങൾക്ക് മുമ്പ് മുന്നിലെ ഇടത് കാലിൽ നീര് ബാധിക്കുകയും നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. വാതമാണെന്ന ധാരണയിൽ ചികിത്സ നല്‍കിയെങ്കിലും ശമനമുണ്ടായില്ല. മഴയും വെയിലും ഏൽക്കുന്നതുകൊണ്ടാണ് രോഗം ഭേദമാവാത്തതെന്ന ധാരണയിൽ അജിത്കുമാർ ബി പിള്ള തന്നെ പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച് ആനക്കൊട്ടിൽ നിർമ്മിച്ചു നൽകി. ആനയെ അവിടെ തളച്ചെങ്കിലും രോഗം ഭേദമായില്ല.തുടർന്ന് ദേവസ്വം ബോർഡ് ആങ്ങാമൂഴി ചികിൽസാലയത്തിൽ എത്തിച്ച് ആയുർവേദ ചികിൽസ നല്‍കിയെങ്കിലും പ്രത്യക്ഷമായ ശമനം ഉണ്ടായില്ല. ആനപ്രേമികളുടെ ഹർജിയെ തുടർന്ന് ഹൈക്കോടതി ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ്, വനംവകുപ്പ്, മണ്ണുത്തി വെറ്ററിനറി കോളജ് എന്നിവിടങ്ങിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. കുട്ടിക്കാലത്ത് ചട്ടം പഠിപ്പിച്ചപ്പോൾ ഏറ്റ മർദ്ദനമാണ് കാലിന്റെ അവസ്ഥയ്ക്ക് കാരണമെന്നും ഭക്ഷണ ക്രമത്തിൽ അടക്കം മാറ്റം വരുത്തണമെന്നും ആനയെ ദിവസവും നടത്തിക്കണമെന്നും കെട്ടിയിടാതെ സ്വതന്ത്രമായി വിഹരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും നിർദ്ദേശിച്ചു.ഭക്ഷണ ക്രമങ്ങളിൽ ചില മാറ്റങ്ങൾ വരുത്തി എന്നതല്ലാതെ സ്വതന്ത്രമായി നടക്കുവാനുള്ള സൗകര്യം ഒരുക്കിയില്ല. അങ്ങനെ അഞ്ചു വർഷത്തോളം ആനക്കൊട്ടിലിൽ നീലകണ്ഠന്‍ നിൽക്കേണ്ടിവന്നു. രോഗം മൂർച്ഛിച്ചതോടെ തീറ്റയെടുക്കാനോ, നടക്കാനോ, കിടക്കാനോ കഴിയാതായി. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഭക്തജനങ്ങളും ആനപ്രേമികളും ഹർജി നൽകിയതിനെ തുടർന്ന് ആനയുടെ സംരക്ഷണവും ചികിത്സയും ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ദ്ധ ചികിത്സക്കായി നീലകണ്ഠനെ വനം വകുപ്പിന്റെ തിരുവനന്തപുരത്തെ കോട്ടൂർ വന്യജീവി പരിപാലനകേന്ദ്രത്തിലേക്ക് മാറ്റിയത്.

മൂന്ന് മാസത്തെ ചികിത്സക്കുശേഷം സുഖം പ്രാപിച്ചാൽ തിരികെയെത്തിക്കുമെന്നായിരുന്നു അധികൃതർ പറഞ്ഞത്. ചികിത്സയുടെ ആദ്യ ഘട്ടങ്ങളിൽ മരുന്നിനോട് പ്രതികരിച്ചെങ്കിലും മാസങ്ങൾക്കുശേഷം പ്രയോജനം കാണാതായി. എല്ലുകൾ പൊടിയുന്ന രോഗംകൂടി ബാധിച്ചതോടെ ബെൽറ്റിന്റെ ബലത്തിലാണ് നീലകണ്ഠൻ ഉയർന്നു നിന്നത്. കൂടുതൽസമയം കിടക്കേണ്ടി വന്നതോടെ ചർമ്മത്തിൽ വ്രണങ്ങൾ രൂപപ്പെട്ടതും രോഗനില കൂടുതൽ വഷളാക്കി.അങ്ങനെ അന്ത്യം സംഭവിക്കുകയായിരുന്നു.

പോസ്റ്റ്മോർട്ടത്തിനുശേഷം വൈകിട്ട് ആറു മണിയോടെ കോട്ടൂർ വനത്തിൽ സംസ്കരിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എയും ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത്, ക്ഷേത്ര ഉപദേശക സമിതി, വിവിധ കരകൾ എന്നിവയുടെ പ്രതിനിധികളും എത്തി നീലകണ്ഠന് പുഷ്പചക്രം അർപ്പിച്ചു .