 
എഴുകോൺ: ജാതി മത ചിന്തകൾക്ക് അതീതമായി പ്രവർത്തിച്ച് ജനങ്ങളെ ഒന്നിച്ച് നിർത്താൻ സാംസ്കാരിക നിലയങ്ങൾക്ക് കഴിയണമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ഇരുമ്പനങ്ങാട് എ.ഇ.പി ആർട്സ് ആൻഡ് സ്പോർടസ് ക്ലബിന്റെ 75-ാമത് വാർഷിക ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലൈബ്രറി പ്രസിഡന്റ് എം.എസ്. അഖിൽ അദ്ധ്യക്ഷത വഹിച്ചു. കുരീപ്പുഴ ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. ഡോ. എം.എം. ബഷീർ, സെക്രട്ടറി എം. മുകേഷ്, എ.ഇ.പി.എം എച്ച്.എസ്.എസ് മാനേജർ ആർ. ദീപക്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.
ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ മേജർ കെ.ആർ. അനിൽകുമാർ, മുഖ്യമന്ത്രിയുടെ ഫയർ ഫോഴ്സ് മെഡൽ നേടിയ ടി.ജെ. ജയേഷ്, മികച്ച നഴ്‌സിനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ അർച്ചന, കേരള യൂണിവേഴ്സിറ്റി എം.എസ്.സി പരീക്ഷയിൽ ആറാം റാങ്ക് നേടിയ നീതു, ജില്ലാ സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ഡി.വി. അത്മജ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.