navas
യൂത്ത് കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോംഗ് മാർച്ച് സി.ആർ. മഹേഷ് ജാഥാ ക്യാപ്ടൻ വൈ. നജീമിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ഇന്ത്യയെ വിഭജിക്കണമെന്ന ആശയം ആദ്യം അവതരിപ്പിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്ത വീര സവർക്കറാണെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് പറഞ്ഞു. ചരിത്രം മറച്ചുവച്ചു കോൺഗ്രസാണ് ഇന്ത്യയെ വിഭജിച്ചതെന്ന അമിത് ഷായുടെ വാദം രാജ്യം തള്ളിക്കളയും. ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭിന്നിപ്പിച്ച് ഭരിക്കൽ നയം രാജ്യത്ത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലോംഗ് മാർച്ചിന്റെ സമാപന സമ്മേളനം ചക്കുവള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൈനാഗപ്പള്ളി കല്ലുകടവിൽ നിന്ന് ആരംഭിച്ച മാർച്ച് എ.ഐ.സി.സി അംഗം സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വൈ. നജിം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട സുധീർ, മാവേലിക്കര പാർലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ദിനേശ് ബാബു, കെ.പി.സി.സി അംഗം ശശികുമാരൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വൈ. ഷാജഹാൻ, തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, കല്ലട ഗിരീഷ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, ഉല്ലാസ് കോവൂർ, യു.ഡി.എഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ ഗോകുലം അനിൽ, കിണറുവിള ബഷീർ, സുരേഷ് ചന്ദ്രൻ, ഉണ്ണി ഇലവിനാൽ, എന്നിവർ സംസാരിച്ചു.

 ലോങ്ങ് മാർച്ചിന് നേരെ പൊലീസ് ലാത്തി വീശി

ശാസ്താംകോട്ട: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലോംഗ് മാർച്ചിന് നേരെ പൊലീസ് ലാത്തി വീശി. മൈനാഗപ്പള്ളി കുറ്റിയിൽ ജംഗ്ഷനിൽ സമരക്കാർ ബസ് തടഞ്ഞതോടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായത്.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് അടക്കമുള്ള പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രവർത്തകർക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഡി.സി.സി സെക്രട്ടറി വൈ. ഷാജഹാൻ ആവശ്യപ്പെട്ടു.