കൊല്ലം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ അറുപതാം വാർഷിക സമ്മേളനം സമാപിച്ചു.
പൗരത്വ വിഷയത്തിൽ സംഘ പരിവാർ അജണ്ട വ്യാമോഹം മാത്രമാണെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുസ്ലീം ലീഗ് അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. എല്ലാ മതക്കാരും ഒരുപോലെ പരസ്പര സൗഹാർദ്ദത്തിലും ഐക്യത്തിലും ജീവിച്ചുപോന്ന പാരമ്പര്യമാണ് രാജ്യത്തുള്ളത്. മതേതര, ജനാധിപത്യ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ പേടിപ്പെടുത്തുന്നതാണ്. മതത്തിന്റെ പേരിൽ വിഭാഗീയത ഉണ്ടാക്കി രണ്ടുതരം പൗരൻമാരെ സൃഷ്ടിക്കുക ലക്ഷ്യംവച്ച് കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും മഹിതമായ ഈ രാജ്യത്തിന്റെ പാരമ്പര്യത്തിന് നിരക്കാത്തതുമാണെന്ന് ഹൈദരലി തങ്ങൾ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സി.കെ.എം സ്വാദിഖ് മുസ്ലിയാർ പ്രാർത്ഥന നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, ശൈഖ് ഫുആദ് മഹ് മൂദ് അൽ ഖയ്യാഥ്(മദീന), ശൈഖ് മുസ്അബ് ഫുആദ് എന്നിവർ മുഖ്യാതിഥികളായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ.പി. അബ്ദുസലാം, യു.എം അബ്ദുൽ റഹ്മാൻ, എം.ടി. അബ്ദുല്ല, കൊയ്യോട് ഉമർ, അബ്ദു സമദ് സമദാനി, എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവർ സംസാരിച്ചു.