photo

കരുനാഗപ്പള്ളി: ഏറെനാളായി നാടിനും നാട്ടാർക്കും തലവേദനയായി മാറിയ മദ്യ - മയക്കുമരുന്ന് സംഘങ്ങളെ തുരത്താൻ ഒടുവിൽ പെൺകൂട്ടായ്മ രംഗത്തിറങ്ങി. സംഘടിച്ചെത്തിയ പെൺപുലികളുടെ മുന്നിൽ പിന്നെ സംഘാംഗങ്ങൾ ജീവനും കൊണ്ടോടിയൊളിക്കുന്നതാണ് പിന്നീട് കണ്ടത്.

ആലപ്പാട് പഞ്ചായത്തിലെ ചെറിയഴീക്കൽ ഭാഗത്താണ് സ്ത്രീ കൂട്ടായ്മയുടെ വേറിട്ട പോരാട്ടം ജനശ്രദ്ധ ആകർഷിച്ചത്. കടലിനോട് ചേർന്ന പ്രദേശത്ത് പൊതുസ്ഥലങ്ങളിലിരുന്നുള്ള മദ്യപാനവും കഞ്ചാവിന്റെ ഉപയോഗവും വ്യാജമദ്യ വിൽപ്പനയും സജീവമായതോടെ നാട്ടുകാർക്ക് സ്വസ്ഥയില്ലായിരുന്നു. പുറത്തുനിന്നു വരുന്ന സംഘങ്ങൾ ഉച്ചതിരിയുന്നതോടെ കടൽ തീരത്തെ വിവിധ സ്ഥലങ്ങളിൽ ഇടം പിടിക്കും. പിന്നീട് സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് പുറത്തിറങ്ങുന്നതിനും കുട്ടികൾക്ക് പഠിക്കുന്നതിനും പോലും കഴിയാത്ത സാഹചര്യവും ഉണ്ടായി. ഒടുവിൽ ക്ഷമകെട്ട് പ്രദേശവാസികളായ സ്ത്രികൾ ഇത്തരം സംഘങ്ങളെ ഒതുക്കൻ ഒറ്റകെട്ടായി രംഗത്തിറങ്ങുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് പി. സെലീന, വാർഡ് മെമ്പർ സുഹാസിനി എന്നിവരുടെ നേതൃത്വത്തിൽ 300 ലധികം സ്ത്രീകളാണ് മദ്യപാന കേന്ദ്രങ്ങളിലേക്ക് കൂട്ടമായെത്തി മദ്യപന്മാരെ തുരത്തിയത്. തീരദേശത്തെ പെൺകരുത്തിന് മുന്നിൽ പലരും മദ്യക്കുപ്പിയും ടച്ചിംഗ്സുമെല്ലാം ഉപേക്ഷിച്ച് ഓടിപ്പോയി. ഇവർക്ക് മദ്യമെത്തിച്ചു നൽകാനെത്തിയ വാഹനങ്ങളും സ്ത്രീകൾ പിടിച്ചെടുത്ത് മുന്നറിയിപ്പ് നൽകി വിട്ടു. കരുനാഗപ്പള്ളി ജനമൈത്രി പൊലീസിന്റെയും എക്സൈസിന്റെയും പിന്തുണയും വനിതാ കൂട്ടായ്മക്കുണ്ട്. തുടർന്നും തങ്ങളുടെ പ്രതിരോധം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.