ശിവഗിരി: മതനിരപേക്ഷ മനസുകളുടെ സൃഷ്ടിയാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക പരിശീലനം എന്ന വിഷയത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങളിൽ വലിയൊരു വിഭാഗം ജനങ്ങൾ പാർശ്വവത്കരിക്കപ്പെട്ടത് അറിവ് നിഷേധിച്ചതിലൂടെയാണ്. ഇവിടെ ഫ്യൂഡൽ കാലഘട്ടത്തിൽ അറിവ് നിഷേധിക്കൽ പാർശ്വവത്കരണത്തിനുള്ള ആയുധമായിരുന്നു.
ആധുനിക കാലമെത്തിയപ്പോൾ വിദ്യാഭ്യാസം കുറേയധികം ജനകീയവത്കരിക്കപ്പെട്ടു. പക്ഷേ എല്ലാവരിലേക്കും എത്തിയില്ല. മനസിനെ ഏറ്റവുമധികം വളർത്തുന്ന ആയുധമാണ് അറിവ്. ആ അറിവിനെ എല്ലാവരിലേക്കും എത്തിക്കുകയാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം ജനകീയമാകുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്നത് മതനിരപേക്ഷ മനസാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോൾ അറിവിന്റെ ജനകീയവത്കരണം കൂടുതൽ എളുപ്പമാകും.
ദർശനങ്ങളുടെ ദർശനമാണ് ഗുരുദേവ ദർശനം. ഈ ദർശനം അടിസ്ഥാനമാക്കിയാണ് സംസ്ഥാന സർക്കാർ പൊതു വിഭ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
താൻ ജീവിച്ചിരുന്ന കാലത്തെ ജനതയ്ക്ക് നിഷേധിക്കപ്പെട്ടിരുന്നതെല്ലാം ഗുരു അവർക്ക് ലഭ്യമാക്കിയെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കർ വി.ശശി പറഞ്ഞു. പ്രകാശത്തെക്കാൾ വേഗത്തിൽ ലോകത്ത് അറിവ് ഉത്പാദിപ്പിക്കപ്പെടുകയാണെന്നും ഈ അറിവിനൊപ്പം തിരിച്ചറിവും നേടുകയാണ് പുതിയ കാലഘട്ടം ആവശ്യപ്പെടുന്നതെന്നും മുഖ്യപ്രഭാഷണത്തിൽ വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു.
സംസ്ഥാന ഐ.ടി ആൻഡ് ഇലക്ട്രോണിക്സ് വകുപ്പ് സെക്രട്ടറി എം. ശിവശങ്കർ, ഊർജവകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ, ടെക്നോപാർക്ക് സി.ഇ.ഒ പി.എം. ശശി, യു.കെ എസ്.എ.എൻ.എ വൈസ് ചെയർമാൻ ബൈജു പാലയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. ശിവഗിരി മഠത്തിലെ സ്വാമി ഋതംബരാനന്ദ സ്വാഗതവും ഗുരുധർമ്മ പ്രചാരണ സഭ വൈസ് പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദ ബാബു നന്ദിയും പറഞ്ഞു.