പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയപാതയിൽ ഇടമൺ സത്രം ജംഗ്ഷന് സമീപം അദ്ധ്യാപകർ സഞ്ചരിച്ചിരുന്ന കാറിൽ അമിത വേഗതയിലെത്തിയ ജീപ്പിടിച്ചുകയറി ഒരു കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളിലെ അദ്ധ്യാപകനായ ബേബി സെബാസ്റ്റ്യനും മറ്റൊരു അദ്ധ്യാപകന്റെ കുട്ടിക്കുമാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. ക്രിസ്മസ് അവധി കഴിഞ്ഞ് ബേബി സെബാസ്റ്റ്യൻ സ്വദേശമായ ചങ്ങനാശേരിയിൽ നിന്ന് സഹ അദ്ധ്യാപകർക്കെപ്പം കാറിൽ വരികയായിരുന്നു. തെന്മലയിൽ നിന്ന് അമിത വേഗതയിലെത്തിയ ജീപ്പ് കാറിൻെറ വലതുഭഗത്ത് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻെറ ഒരു ഭാഗം പൂർണമായും തകർന്നു.
സ്കൂൾ പ്രഥമാദ്ധ്യാപകൻ ജെയിംസ് ജോസഫ് അടക്കമുള്ള മറ്റ് അദ്ധ്യാപകർ പരിക്കേൽക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തെന്മല പൊലീസ് രണ്ട് വാഹനങ്ങളും സ്റ്റേഷനിൽ എത്തിച്ചു. പരിക്കേറ്റ അദ്ധ്യാപകനെയും കുട്ടിയെയും പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകൾക്ക് ശേഷം രണ്ട് പേരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.