കൊല്ലം: കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം ജനുവരി 3ന് കരുനാഗപ്പള്ളിയിൽ തുടങ്ങുമെന്ന് സ്വാഗതസംഘം ചെയർമാൻ ആർ.രാമചന്ദ്രൻ എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിന് സമ്മേളനം രൂപം നൽകും. ജനുവരി 3ന് പ്രകടനത്തിനുശേഷം നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 4ന് പ്രതിനിധി സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രനും സെമിനാർ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മയും ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമത്തിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടേറെ നിർദ്ദേശങ്ങളുണ്ടെന്ന് സംഘടനയുടെ നേതാക്കൾ ചൂണ്ടിക്കാട്ടി. 200 നോട്ടിക്കൽ മൈൽ വരെയുള്ള ഭാഗത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് സ്വതന്ത്രമായി മത്സ്യബന്ധനം നടത്താനുള്ള അവകാശമുണ്ട്. എന്നാൽ,പുതിയ നിയമം അതിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ആർ.രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു.
കാർഷിക കടാശ്വാസ കമ്മിഷൻ നൽകുന്ന ആനുകൂല്യങ്ങൾ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷനും ബാധകമാക്കി ഉത്തരവിറക്കണം. ലൈഫ് പദ്ധതിയിൽ നിന്നു മത്സ്യത്തൊഴിലാളി പദ്ധതിയെ സ്വതന്ത്രമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. മത്സ്യമേഖല നേരിടുന്ന പ്രശ്നങ്ങൾ സമ്മേളനം ചർച്ച ചെയ്യും. ജനറൽ കൺവീനർ കെ.രാജീവൻ, ടി.ജെ.ആഞ്ചലോസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.