കൊട്ടാരക്കര: വേനലെത്തുന്നതിന് മുമ്പ് കൊട്ടാരക്കര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ഉയർന്ന പ്രദേശങ്ങളിൽ കിണറുകളിൽ വെള്ളം താണുകഴിഞ്ഞു. നീർച്ചാലുകളും ചെറുതോടുകളുമൊക്കെ വറ്റിവരണ്ടു. ഡിസംബറിന്റെ അവസാനത്തോടെ വെള്ളം കുറഞ്ഞതിന്റെ ആശങ്കയിലാണ് നാട്ടുകാർ.
ഇനിയുള്ള ദിവസങ്ങളിൽ ചൂട് കനക്കാനാണ് സാധ്യത. ഇതിനാൽ മുൻവർഷങ്ങളെക്കാൾ പ്രദേശത്ത് ജലക്ഷാമം അനുഭവപ്പെടുമെന്നാണ് സൂചന. കാർഷിക വിളകൾക്കും ഇതിനോടകം നാശം സംഭവിച്ചുതുടങ്ങിയിട്ടുണ്ട്. കൃഷിയിടങ്ങളിലെ കുളങ്ങളിലും വെള്ളം തീർത്തും കുറവാണ്. രണ്ടുനേരം വെള്ളം നനച്ചെങ്കിൽ മാത്രമേ വെറ്റിലകൃഷിയും പച്ചക്കറികളും ഈ ചൂടിൽ പിടിച്ചുനിൽക്കുകയുള്ളു. അതുകൊണ്ടുതന്നെ കർഷകന്റെ ജോലിഭാരവും കൂടി.
കൂടുതൽ രൂക്ഷമാകും.. എന്നിട്ടും
നാട്ടിൻപുറങ്ങളിലെ കുളങ്ങളും വലിയ ചിറകളും വൃത്തിയാക്കിയാൽ വേനൽക്കാലത്ത് വലിയ അളവിൽ ജലക്ഷാമത്തെ നേരിടാൻ സാധിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവ വൃത്തിയാക്കാവുന്നതാണ്. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ വേണ്ട ജാഗ്രത കാട്ടുന്നില്ലെന്ന് ആക്ഷേപമുണ്ട്.
മുമ്പ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പൊതുകുളങ്ങളും സംരക്ഷിക്കാൻ പദ്ധതി തയ്യാറാക്കിയെങ്കിലും ഫലവത്തായില്ല. പ്രാദേശികമായിട്ടുള്ള ചെറുകിട കുടിവെള്ള പദ്ധതികളും പലയിടങ്ങളിലും നോക്കുകുത്തിയാണ്. മോട്ടോർ നശിച്ചതും ടാങ്കിന് വിള്ളൽ വീണതും മറ്റ് ചില്ലറ പണികളുമൊക്കെയായി ചെറുകിട കുടിവെള്ള പദ്ധതികൾ പലയിടത്തും പണിമുടക്കിയിട്ടുണ്ട്. കനാലുകൾ കാട് മൂടിക്കിടക്കുകയാണ്. ഇവ വൃത്തിയാക്കാനുള്ള നടപടികളും തുടങ്ങിയിട്ടില്ല. കനാൽ തുറന്നാൽ കനാൽ കടന്നുപോകുന്ന ഭാഗങ്ങളിൽ ജലക്ഷാമത്തിന് പരിഹാരമാകും.
ബദൽ സംവിധാനങ്ങൾ ഒരുക്കാതെ
ഇത്തവണ വേനൽ നേരത്തേ എത്തിയിട്ടും കുടിവെള്ള വിതരണത്തിനുള്ള മറ്റ് സംവിധാനങ്ങളെപ്പറ്റിയുള്ള ആലോചനകൾ നടക്കുന്നില്ലെന്ന പരാതിയുണ്ട്. വാഹനങ്ങളിൽ വെള്ളമെത്തിക്കുന്നതിനും മറ്റും വാഹനങ്ങളുടെ കരാർ ക്ഷണിക്കലടക്കം ഏറെ ജോലികൾ ഇനിയും ശേഷിക്കുകയാണ്. മുൻകരുതലെടുക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തയ്യാറായില്ലെങ്കിൽ രണ്ടാഴ്ച പിന്നിടുമ്പോഴേക്കും വലിയ പ്രതിസന്ധികളുണ്ടാകും.
കുളക്കട-പവിത്രേശ്വരം പദ്ധതി ഇനി എന്ന്?
നിർമ്മാണം ആരംഭിച്ചത് 2010ൽ
കുളക്കട, പവിത്രേശ്വരം ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനായി തയ്യാറാക്കിയ കുളക്കട-പവിത്രേശ്വരം കുടിവെള്ള പദ്ധതി ഇനിയും കമ്മിഷൻ ചെയ്തിട്ടില്ല. 2010ലാണ് പദ്ധതിയുടെ നിർമ്മാണ ജോലികൾ തുടങ്ങിയത്. കുളക്കട -തെങ്ങമാംപുഴ കടവിൽ കിണർ കുഴിച്ച് പമ്പ് ഹൗസ് സ്ഥാപിച്ചു. 53 ലക്ഷം ലിറ്റർ ജലം പമ്പ് ചെയ്യാൻ ശേഷിയുള്ളതാണ് പമ്പ് ഹൗസ്. പെരുംകുളത്ത് ശുദ്ധീകരണ പ്ളാന്റും സ്ഥാപിച്ചു. ഇവിടെ ശുദ്ധീകരിക്കുന്ന ജലം പൈപ്പ് വഴി രണ്ട് പഞ്ചായത്തുകളുടെയും എല്ലാ മേഖലകളിലും എത്തിക്കാനായിരുന്നു ധാരണ.
പാതിവഴിയിൽ പാളി
2014ൽ ജലവിതരണം തുടങ്ങിയെങ്കിലും ഒട്ടുമിക്ക ഭാഗങ്ങളിലും വെള്ളമെത്തിയില്ല. പവിത്രേശ്വരം പഞ്ചായത്തിലെ പൊരീക്കലിലെ വലിയ ജലസംഭരണിയിൽ എത്തിച്ചാണ് ജലവിതരണം നടത്തുന്നത്. പവിത്രേശ്വരത്ത് നേരത്തേ ഉണ്ടായിരുന്ന പൈപ്പുകളിലൂടെ വെള്ളം വിതരണം ചെയ്യാൻ കഴിഞ്ഞു. പൂർണതോതിൽ എത്തിയില്ലെങ്കിലും പവിത്രേശ്വരത്തുകാരുടെ ദാഹത്തിന് കുറച്ചേറെ ശമനം വരുത്താൻ പദ്ധതിയ്ക്ക് കഴിഞ്ഞു. പഴയ പൈപ്പുകൾ പൊട്ടാൻ തുടങ്ങിയത് മാത്രമാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
എന്നാൽ കുളക്കട പഞ്ചായത്തിന് കാര്യമായ പ്രയോജനം ലഭിച്ചില്ല. പൈപ്പ് സ്ഥാപിക്കൽ കാര്യക്ഷമമാകാഞ്ഞതിനാൽ വെള്ളം ഒട്ടുമിക്ക പ്രദേശത്തും എത്തിയില്ല. പദ്ധതിക്ക് വേണ്ടി വലിയ തുക ചെലവഴിക്കുകയും കിണറും പമ്പ് ഹൗസും ശുദ്ധീകരണ പ്ളാന്റും സ്ഥാപിക്കാൻ ഭൂമി കണ്ടെത്തിയതുമൊക്കെ കുളക്കട പഞ്ചായത്താണ്. എന്നാൽ അതിന്റെ ഗുണം ഇനിയും ലഭിച്ചിട്ടില്ല.