കരുനാഗപ്പള്ളി: കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. ജനുവരി 8ന് ട്രേഡ് യൂണിയനുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ എത്തിച്ചേർന്ന ജാഥയുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികൾ സമരം ചെയ്ത് നേടിയെടുത്ത ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ കവർന്നെടുക്കുകയാണ്. മുതലാളിമാർക്ക് തൊഴിലാളികളെ ഏതു സമയവും അകാരണമായി പിരിച്ചുവിടാൻ കഴിയുന്ന നിയമങ്ങളാണ് കേന്ദ്രസർക്കാർ പാസാക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.
ചിറ്റുമൂല നാസർ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ ആർ. ചന്ദ്രശേഖരൻ, കെ.സി. രാജൻ, തൊടിയൂർ രാമചന്ദ്രൻ, വി. ദിവാകരൻ, കടത്തൂർ മൺസൂർ, അനിരുദ്ധൻ, കമറുദ്ദീൻ മുസലിയാർ, എച്ച്. ബഷീർകുട്ടി, താസ്ക്കന്റ് തുടങ്ങിയവർ സംസാരിച്ചു.