പുനലൂർ: എസ്.എൻ.ഡി.പി യോഗം 480-ാം നമ്പർ ഇടമൺ പടിഞ്ഞാറ് ശാഖയിലെ ഇടമൺ ആയിരവല്ലി ശിവക്ഷേത്രത്തിന് സമീപത്തെ ക്ഷേത്രം വക റബർ തോട്ടത്തിൽ നിന്ന് ആറ് പന്നിപടക്കവും ചത്ത കാട്ടുപന്നിയെയും കണ്ടെത്തി. ഇന്നലെ രാവിലെ തെന്മല സി.ഐ മണികണ്ഠൻ ഉണ്ണിയുടെയും വനപാലകരുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തു കടിച്ച് ചത്ത കാട്ടുപന്നിയെയും സ്ഫോടക വസ്തുക്കളും കണ്ടെടുത്തത്. ബോംബ്, ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥരും ഫിംഗർ പ്രിന്റ് വിഗദ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ദീപരാധാനാ സമയത്ത് സമീപത്ത് ഉഗ്ര സ്ഫോടനം ഉണ്ടായിരുന്നു. ശാഖാ ഭാരവാഹികൾ തെന്മല വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ മൂന്ന് പന്നിപ്പടക്കവും ചത്ത കാട്ടു പന്നിയുടെ അവശിഷ്ടങ്ങളും അന്നേദിവസം തന്നെ കണ്ടെത്തിയിരുന്നു. രാത്രി വൈകിയും പരിശോധനകൾ നടത്തിയ ശേഷം പൊലീസ് സംഘം മടങ്ങുകയായിരുന്നു.
ഇന്നലെ രാവിലെ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസും വനപാലകരും നടത്തിയ പരിശോധനയിലാണ് മൂന്ന് പന്നിപ്പടക്കവും ചത്ത കാട്ടുപന്നിയുടെ ജഡവും കണ്ടെത്തിയത്. സ്ഫോടക വസ്തുക്കൾ വച്ചവരുടെ ദൃശ്യങ്ങൾ ക്ഷേത്ര വളപ്പിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറകൾ പരിശോധിക്കുമ്പോൾ ലഭിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ സംഭവം നടക്കുന്നതിന് ഒരുമണിക്കൂർ മുമ്പ് ബൈക്കിൽ എത്തിയ ഒരാൾ സ്ഫോടനം നടന്ന സ്ഥലത്തേക്ക് നടന്നുപോയതായി പറയുന്നു. ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസും വനംവകുപ്പും കേസെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.