കൊല്ലം: കൊല്ലം ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷനും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച 'കുക്കറി ഷോ'പാചക മത്സരത്തിൽ ജില്ലയിലെ ഏറ്റവും മികച്ച ഏഴ് കുടുംബശ്രീ കാറ്ററിങ്ങ് യൂണിറ്റുകൾ പങ്കാളികളായി. തനത് വിഭവം തയ്യാറാക്കുന്ന ആദ്യറൗണ്ടിൽ നാടൻ കുത്തരി അടയും തിരുവിതാംകൂർ കോഴിക്കറിയും ഉൾപ്പെടെ വ്യത്യസ്ത രുചിക്കൂട്ടുകൾ അനുവദിച്ച സമയത്തിന് മുന്നേതന്നെ മേശമേൽ നിരന്നു. ചക്ക വിഭവങ്ങളും പുട്ടും തെരളിയുമൊക്കെയായി രുചിക്കൂട്ടുകൾ ഒരുങ്ങി. തുടർന്ന് വിധി നിർണയം നടത്തിയ ഷെഫ് സുരേഷിന്റെ നിർദേശാനുസരണമുള്ള രണ്ട് വിഭവങ്ങൾ കൂടി തയാറായി. ഇതിനാവശ്യമുള്ള എല്ലാ സാധനങ്ങളും ടീമുകൾക്ക് നൽകിയിരുന്നു. വാശിയേറിയ മത്സരത്തിൽ കടയ്ക്കലിലെ കാറ്ററിംഗ് യൂണിറ്റ് ഒന്നാം സ്ഥാനം നേടി. കുമ്മിളിലെ ശ്രീഭദ്ര കാറ്ററിംഗ് യൂണിറ്റ്, ശാസ്താംകോട്ടയിലെ സായി കൃഷ്ണ കാറ്ററിംഗ് യൂണിറ്റ് എന്നിവർക്കായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങൾ.
ഇതുകൂടാതെ ന്യൂട്രിമിക്സ് ഉപയോഗിച്ച് വിഭവങ്ങൾ തയ്യാറാക്കുന്ന ജില്ലയിലെ 10 കുടുംബശ്രീ ന്യൂട്രിമിക്സ് യൂണിറ്റുകളുടെ പ്രത്യേക മത്സരവും നടന്നു. ലഡ്ഡു മുതൽ കേക്കും നൂഡിൽസും മുറുക്കും വരെ ഇവർ ന്യൂട്രിമിക്സിൽ നിന്ന് തയാറാക്കി. തഴവയിലെ ബയോവിറ്റ ന്യൂട്രിമിക്സ് യൂണിറ്റ് ഇതിൽ വിജയികളായി. കടയ്ക്കൽ അമൃതം യൂണിറ്റ് രണ്ടാമതെത്തി. വെസ്റ്റ് കല്ലടയിലെ ന്യൂട്രിവിറ്റയും തഴവയിലെ ടെൻസ്റ്റാർ യൂണിറ്റും മൂന്നാം സ്ഥാനം പങ്കിട്ടു.
ബീച്ച് ഫെസ്റ്റിവൽ പോലുള്ള വേദികൾ കുടുംബ ശ്രീ യൂണിറ്റുകൾക്ക് കൂടുതൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കുമെന്ന് കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എ. ജി സന്തോഷ് പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീകല, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ അജു വി ആർ, സബൂറ ബീവി എസ്, മറ്റ് കുടുംബശ്രീ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവരും മത്സരിക്കുന്നവർക്ക് പിന്തുണയുമായെത്തി.
സേഫ് കൊല്ലം ഇനി ഗ്രാമസഭകളിലൂടെ
കൊല്ലം: സേഫ് കൊല്ലം പദ്ധതി ഗ്രാമസഭകളിലൂടെ ജനങ്ങളിൽ എത്തിക്കാൻ ജില്ലാ ഭരണകൂടം. ഗ്രാമസഭകളിൽ സേഫ് കൊല്ലത്തിന്റെ ഇടപെടൽ അത്യാവശ്യമാണെന്ന് ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ പറഞ്ഞു. സേഫ് കൊല്ലം ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഓഫീസുകളിലും പൊതുപരിപാടികളിലും പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പിലാക്കണം. പൊതുപരിപാടികളിൽ പ്ലാസ്റ്റിക് പൂക്കൾക്ക് പകരം പുസ്തകങ്ങൾ നൽകാമെന്ന നിർദേശവും കളക്ടർ മുന്നോട്ട് വച്ചു. ജനുവരി ഒന്ന് മുതൽ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന് ജില്ലയിൽ കുടുംബശ്രീ പ്രവർത്തകർ വഴി തുണിസഞ്ചികൾ നിർമിച്ച് നൽകുവാൻ ആവശ്യമായ ക്രമീകരണങ്ങൾ സജ്ജമാണെന്ന് ഉറപ്പുവരുത്തി. അനധികൃത തട്ടുകടകളും രാത്രികാല കടകളും വലിയതോതിൽ മാലിന്യം ഉണ്ടാക്കുന്നു. ഇത് പ്രോത്സാഹിപ്പിക്കാൻ കഴിയുകയില്ല.ഇതിന് കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സേഫ് കൊല്ലവുമായി ബന്ധപ്പെട്ട് ജനുവരി ഏഴ് മുതൽ ശുചീകരണ ക്യാമ്പയിനുകൾ നടത്തും. ഏഴിന് ശാസ്താംകോട്ട തടാകം ജനപങ്കാളിത്തത്തോടെ ശുചീകരിക്കും. തുടർന്ന് ജില്ലയിലെ വിവിധ ജലസ്ത്രോതസ്സുകളിൽ ജനകീയ ക്യാമ്പയിനുകൾ നടത്തും. സേഫ് കൊല്ലം അറ്റ് സ്കൂൾ പരിപാടിയിലൂടെ പരമാവധി സ്കൂൾ ,കോളേജ് കുട്ടികളെ പദ്ധതിയുടെ ഭാഗമാക്കി വരികയാണ്. സേഫ് കൊല്ലം ആശയം കുട്ടികളിലൂടെ സമൂഹത്തിൽ എത്തിക്കുവാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികൾക്കായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
അവലോകന യോഗത്തിൽ എ.ഡി. എം. പി.ആർ ഗോപാലകൃഷ്ണൻ, ജില്ലാ പ്ലാനിങ് ഓഫീസർ പി.ഷാജി,വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.ഷീല,ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ജി. സുധാകരൻ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എസ് ഐസക് എന്നിവർ പങ്കെടുത്തു.
പോത്ത് വളർത്തലിൽ
ദിദിന പരിശീലനം
കൊല്ലം: കൊട്ടിയം സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജനുവരി 6, 7 തീയതികളിൽ പോത്തു വളർത്തലിൽ പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നു . താല്പര്യമുള്ള കർഷകർക്കും സംരഭകർക്കും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3 വരെ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം ഫോൺ 8113964940