കരുനാഗപ്പള്ളി : പൊതു വിദ്യാലയങ്ങളെ ഹൈടെക് നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ നിന്ന് ഒരു കോടി രൂപ വീതം അനുവദിച്ച 6 സ്‌കൂളുകളുടെ കെട്ടിട നിർമ്മാണം മാർച്ചിൽ തുടങ്ങാൻ ആർ. രാമചന്ദ്രൻ എം.എൽ.എ വിളിച്ച് ചേർത്ത അവലോകന യോഗത്തിൽ തീരുമാനമായി. കൂടാതെ മണ്ഡലത്തിലെ മൂന്ന് സ്കൂളുകൾക്ക് തീരദേശ വികസന അതോറിറ്റി വഴി ഫിഷറീസ് വകുപ്പിന്റെ ഫണ്ടും അനുവദിച്ചിട്ടുണ്ട്. കുഴിത്തുറ ഗവ.എച്ച്.എസ്.എസിന് 1.40 കോടിയും ചെറിയഴീക്കൽ ഗവ. വി.എച്ച്.എസ്.എസിന് 1.72 കോടിയും കരുനാഗപ്പള്ളി യു.പി.ജി.എസിന് 2.32 കോടിയുമാണ് അധികമായി അനുവദിച്ചിട്ടുള്ളത്. ഇവയുടെ ടെൻഡർ നടപടികളും മാർച്ച് മാസത്തോടെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് എക്സി. എൻജിനിയർ റഹിം, അസി. എക്സി. എൻജിനിയർ ജ്യോതി വിദ്യാധരൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, സ്‌കൂളുകളുടെ പ്രഥമാദ്ധ്യാപകർ, പി.ടി.എ പ്രതിനിധികൾ, എസ്.എം.സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
സ്‌കൂളുകളുടെ കെട്ടിട നിർമ്മാണം മാർച്ചിൽ തുടങ്ങും. സെപ്തംബർ മാസത്തോടെ പുതിയ കെട്ടിടങ്ങൾ പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്.
ആർ. രാമചന്ദ്രൻ എം.എൽ.എ
തുക അനുവദിച്ച സ്കൂളുകൾ
തൊടിയൂർ ഗവ. എച്ച്.എസ്.എസ്
തഴവ എ.വി എൽ.പി.എസ്
കരുനാഗപ്പള്ളി യു.പി.ജി സ്‌കൂൾ
ആദിനാട് ഗവ. യു.പി.എസ്
കുഴിത്തുറ ഗവ. ഫിഷറി എച്ച്.എസ്.എസ്
ചെറിയഴീക്കൽ ഗവ. വി.എച്ച്.എസ്.എസ്
ഹൈടെക് നിലവാരം
ഹൈടെക് നിലവാരത്തിലുള്ള ആറു മുതൽ 8 വരെ ക്ലാസ് മുറികളോട് കൂടിയ കെട്ടിടങ്ങളാണ് സ്‌കൂളുകളിൽ നിർമിക്കുക. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ പൊളിച്ചു മാറ്റേണ്ടി വരുന്ന പഴയ കെട്ടിടങ്ങൾ കാലപ്പഴക്കം പരിഗണിക്കാതെ തന്നെ പൊളിച്ചുമാറ്റാനും തീരുമാനിച്ചു. കെട്ടിട നിർമ്മാണത്തെ തുടർന്ന് സ്‌കൂളുകളിൽ അദ്ധ്യയനം മുടങ്ങാതിരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സൗകര്യങ്ങൾ ഒരുക്കി നൽകണമെന്നും യോഗം നിർദ്ദേശിച്ചു.