poli
നവീകരിച്ച ആര്യങ്കാവിലെ പൊലീസ് ഔട്ട് പോസ്റ്റ്

പുനലൂർ: കാലപ്പഴക്കത്തെ തുടർന്ന് നാശത്തിന്റെ വക്കിലെത്തിയ ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റ് നവീകരിച്ച് മോടി പിടിപ്പിച്ചു. ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഇത് ഒരു പരിധിവരെ ആശ്വാസമാണെങ്കിലും പുതിയ പൊലീസ് സ്റ്റേഷനെന്ന സ്വപ്നം മാത്രം ഇപ്പോഴും ജലരേഖയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടത്തിലാണ് ഔട്ട് പോസ്റ്റ് നേരത്തെ പ്രവർത്തിച്ചിരുന്നത്. മഴയത്ത് ചോർന്നൊലിച്ചിരുന്ന ഇവിടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം പോലും ഇല്ലായിരുന്നു.

ഇത് കണക്കിലെടുത്താണ് കെട്ടിടത്തിന്റെ മേൽക്കൂരയടക്കം ഷീറ്റ് പാകി നവീകരിച്ചത്.

കേരളത്തിലെ പ്രധാന ആരാധനാലയങ്ങളിലൊന്നായ

ആര്യങ്കാവ് ശ്രീധർമ്മ ശാസ്താക്ഷേത്രത്തിന് പുറമെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പാലരുവി വെള്ളച്ചാട്ടവും ഔട്ട്പോസ്റ്റിന്റെ പരിധിയിലാണ് പ്രവർത്തിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് ഇവിടെ ദിവസേന എത്തുന്നത്. ഇത് കണക്കിലെടുത്താണ് ഔട്ട്പോസ്റ്റിനെ സ്റ്റേഷനായി ഉയർത്തുമെന്ന് അധികൃതർ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി പ്രാഥമിക പരിശോധനകളും നടന്നു. എന്നാൽ വർഷം ആറ് പിന്നിട്ടിട്ടും തുടർനടപടികൾ ചുവപ്പുനാടയിൽ കുരുങ്ങി.

പറയാൻ അവഗണനയുടെ കഥമാത്രം....

തെന്മല പൊലീസ് സ്റ്റേഷനുകീഴിലാണ് ആര്യങ്കാവിലെ ഔട്ട്പോസ്റ്റ് പ്രവർത്തിക്കുന്നത്. ഇതിനൊടൊപ്പമുള്ള അച്ചൻകോവിൽ ഔട്ട്പോസ്റ്റിനെ പൊലീസ് സ്റ്റേനായി ഉയർത്തിയിരുന്നു. എന്നാൽ ഇതിനോടൊപ്പം പ്രഖ്യാപിച്ച ആര്യങ്കാവ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

 ആയിരക്കണക്കിന് വാഹനങ്ങൾ

തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഔട്ട് പോസ്റ്റിന് മുന്നിലൂടെ വിവിധ സ്ഥലങ്ങളിലേക്ക് കടന്നുപോകുന്നത്. ഈ വാഹനങ്ങളോടൊപ്പം ആര്യങ്കാവ് ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങളെയും ഔട്ട് പോസ്റ്റിലെ ജീവനക്കാരാണ് നിയന്ത്രിക്കേണ്ടത്. ശബരിമല സീസണിലാകട്ടെ പതിനായിരക്കണക്കിന് തീർത്ഥാടകരാണ് ഇതുവഴി കടന്നുപോകുന്നത്. ഇവരെയും ഇവരുടെ സുരക്ഷയും ഔട്ട്പോസ്റ്റിലെ ജീവനക്കാരുടെ ഉത്തരവാദിത്തമാണ്.

സൗകര്യങ്ങൾ പരിമിതം

തിരക്കേറുന്ന സമയങ്ങൾ വനിത പൊലീസടക്കം കൂടുതൽ ജീവനക്കാരെ ഔട്ട് പോസ്റ്റിൽ വിന്യസിക്കും. എന്നാൽ ഇവർക്ക് വിശ്രമിക്കാനോ, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ സൗകര്യങ്ങൾ ഇല്ലാത്തതാണ് പ്രധാന പ്രശ്നം.

ഇവരുടെ ദയനീയ സ്ഥിതി നിരവധി തവണ കേരളകൗമുദി വാ‌ർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് റൂറൽ പൊലീസ് സൂപ്രണ്ട് മുൻകൈയെടുത്ത് ഔട്ട്പോസ്റ്റ് നവീകരിച്ചത്. എന്നാൽ പുതിയ സ്റ്റേഷൻ മന്ദിരം പണിയുമെന്ന വാഗ്ദാനം നടപ്പാകാത്തതിനാൽ മലയോരവാസികൾ കടുത്ത നിരാശയിലാണ്.