ശിവഗിരി: കാർഷിക മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാൻ കർഷകരെ രാജ്യസേവകരായി അംഗീകരിക്കണമെന്ന് മന്ത്രി കെ.കൃഷ്ണണൻകുട്ടി പറഞ്ഞു. ശിവഗിരിയിൽ നടന്ന കൃഷി പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ കർഷകരുടെ ദിവസ വരുമാനം 19 രൂപയാണ്. എന്നാൽ ക്ലാസ് ഫോർ ജീവനക്കാർക്ക് 22,000 രൂപ ശമ്പളം ലഭിക്കുന്നു. മന്ത്രിമാരെയും എം.എ.എൽ.എമാരെയും എം.പിമാരെയും രാജ്യസേവകരായി കണ്ട് എല്ലാ സൗകര്യങ്ങളും നൽകുന്നു. 130 കോടി ജനങ്ങളെ തീറ്റിപ്പോറ്റുന്ന കർഷകരെ അംഗീകരിക്കുന്നില്ല. എല്ലാവർക്കും അന്നം വേണം. പക്ഷേ, അന്നമുണ്ടാക്കുന്ന കർഷകനെ ഓർക്കുന്നില്ല. രാജ്യത്ത് 2500 പേർ പ്രതിദിനം കൃഷി ഉപേക്ഷിക്കുകയാണ്. ഓരോ 25 മിനിട്ടിലും ഓരോ കർഷകൻ ആത്മഹത്യ ചെയ്യുന്നു. ഭരണകൂടം കർഷകരോടുള്ള നിലപാട് മാറ്റിയാലേ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകൂവെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
തെറ്റായ വികസന കാഴ്ചപ്പാടാണ് കാർഷികമേഖല നേരിടുന്ന പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ. രാജു പറഞ്ഞു. സംസ്ഥാനം വൈകാതെ പാലുത്പാദനത്തിൽ സ്വയം പര്യാപ്തതയിലേക്കെത്തും. എന്നാൽ പച്ചക്കറി ഉത്പാദനത്തിൽ ഇത് കഴിയുന്നില്ല. ക്ഷീര മേഖലയെ കാർഷികവൃത്തിയായി അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും രാജു പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, പി.ടി. തോമസ് എം.എൽ.എ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.കെ. രവിരാമൻ, ഡോ. സ്റ്റീഫൻ ദേവനേശൻ, ഡോ. എ.എസ്. അനിൽകുമാർ, ഡോ.എം.എസ്. ഹജിലാൽ, ഡോ. എ.കെ. ഷെരീഫ്, ഡോ. എസ്.കെ. സുരേഷ്, ഡോ. എം. ജയരാജ് തുടങ്ങിയവർ സംസാരിച്ചു. സ്വാമി ബോധിതീർത്ഥ സ്വാഗതവും സ്വാമി വിഖ്യാതാനന്ദ നന്ദിയും പറഞ്ഞു.