ഓച്ചിറ: വിലക്കുകൾ ഒന്നിനും പരിഹാരമല്ലെന്നും ഷെയിൻനിഗത്തിന്റെ ഭാഗത്ത് നിന്നുള്ള തെറ്റുകൾ തിരുത്തിച്ച് സിനിമ പൂർത്തിയാക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും സംവിധായകൻ വിനയൻ പറഞ്ഞു. നാടക രചയിതാവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന എൻ.ബി. ത്രിവിക്രമൻ പിള്ളയുടെ സ്മരണാർത്ഥം രൂപീകരിച്ച എൻ.ബി. ത്രിവിക്രമൻ പിള്ള ഫൗണ്ടേഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സിനിമാ ലോകത്ത് ജന്മി-കുടിയാൻ ബന്ധം നിലനിൽക്കുന്നതായും വരേണ്യ വർഗമാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓച്ചിറ പരബ്രഹ്മക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റ് തഴവ സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയ പ്രഥമ എൻ.ബി. ത്രിവിക്രമൻപിള്ള പുരസ്കാരം നാടകനടൻ സി.സി. വിൻസെന്റിന് സമ്മാനിച്ചു. നാടകവേദിയിൽ എൻ.ബി. ത്രിവിക്രമൻപിള്ളയോടൊപ്പം പ്രവർത്തിച്ച മഹാശയൻ, സണ്ണി സരിഗ, ബേബിക്കുട്ടൻ, മാലൂർ ശ്രീധരൻ, സരസ്വതി ഉപാസന, കുമാർ ജി. പൊന്നാട്, രാജലക്ഷ്മി എന്നിവരെ മുൻ പി.എസ്.സി ചെയർമാൻ എം. ഗംഗാധരക്കുറുപ്പ് ആദരിച്ചു. നടനും സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനുമായ പി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. കേരള ബുക്ക്മാർക്ക് സെക്രട്ടറി എ. ഗോകുലേന്ദ്രൻ അംഗത്വവിതരണം നിർവഹിച്ചു. നാടക രചയിതാവ് മണിലാൽ, യോഹന്നാൻ ആവിഷ്കാര, ആട്ടിസ്റ്റ് സുജാതൻ, സുദർശനൻ വർണ്ണം, നിള അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.