കൊല്ലം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഇന്ന് നിലവിൽ വരുന്നതോടെ പ്ലാസ്റ്റിക് ബാഗുകളുടെ സ്ഥാനമേൽക്കാൻ തുണിസഞ്ചികൾ റെഡി. തുണി സഞ്ചികൾ എല്ലായിടത്തും ലഭ്യമാക്കാൻ ജില്ലാ ശുചിത്വ മിഷൻ, കൊല്ലം നഗരസഭ, ജില്ലാ പഞ്ചായത്ത് തുടങ്ങി എല്ലാ ഭരണ സംവിധാനങ്ങളിലും സജീവ പ്രവർത്തനങ്ങൾ തുടരുകയാണ്.
ദിവസേന 25,000 തുണിസഞ്ചികൾ നിർമ്മിക്കാനുള്ള സംവിധാനം ജില്ലയിലുണ്ട്. ജില്ലയിലെ രണ്ട് അപ്പാരൽ പാർക്കുകളിൽ ഉൾപ്പെടെ 140 സംരംഭകർ തുണിസഞ്ചികൾ നിർമ്മിക്കാൻ സന്നദ്ധരായിട്ടുണ്ട്. ജില്ലാ കുടുംബശ്രീ മിഷൻ മുഖേന തുണിസഞ്ചികൾ നിർമ്മിച്ച് നൽകുകയാണ് ലക്ഷ്യം.
ഓർഡർ ചെയ്യുന്നതിന് അനുസരിച്ചായിരിക്കും ഇവ നിർമ്മിച്ച് നൽകുന്നതെന്ന് ശുചിത്വമിഷൻ അധികൃതർ വ്യക്തമാക്കി. നിരോധിത പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ചാൽ പതിനായിരം മുതൽ അരലക്ഷം രൂപ വരെയാണ് പിഴ. ഇത്രയും വലിയ തുക ആരിൽ നിന്നും ഈടാക്കാൻ അവസരം ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ ബോധവത്കരണത്തിനൊപ്പം പേപ്പർ ബാഗുകളുടെയും തുണി സഞ്ചികളുടെയും പ്രൊമോഷനുകളും നടത്താനാണ് കൊല്ലം കോർപ്പറേഷൻ തീരുമാനം. അടുത്ത നടപടിയായി കുടുംബശ്രീ പ്രോജക്ടുകളിൽ ഇത്തരം ഉത്പന്നങ്ങളുടെ നിർമ്മാണം ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
പ്ളാസ്റ്റിക് നിരോധനം കച്ചവടക്കാരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. ഉപഭോക്താക്കൾ തുണിസഞ്ചിയോ പേപ്പർ ബാഗുകളോ കരുതിയാൽ പ്രശ്നമില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ പലരും അത് കരുതാറില്ല. തുണിസഞ്ചികൾ പത്ത് രൂപയോ 15 രൂപയോ നൽകി വാങ്ങാൻ പലരും തയ്യാറാകില്ല.
തുണിഗ്രാമം പ്രോജക്ട്
പ്ലാസ്റ്റിക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ മുൻകൂട്ടി ആരംഭിച്ച പ്രോജക്ടാണ് ഏകദേശം അമ്പത് ലക്ഷം രൂപ ചെലവഴിക്കുന്ന തുണിഗ്രാമം പ്രോജക്ട്. പത്ത് പേരടങ്ങുന്ന 46 വനിതാ ഗ്രൂപ്പുകളുണ്ടാക്കി പതിനഞ്ച് ദിവസത്തെ പരിശീലനവും തയ്യൽമെഷീനും നൽകി. പദ്ധതി പ്രകാരം 5 മുതൽ 20 രൂപ വരെ വിലയിലാണ് തുണി സഞ്ചികൾ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത്.
പഴയ സാരിയിൽനിന്ന് സഞ്ചി നിർമ്മിക്കാൻ റസിഡന്റ്സ് അസോ.
ഉപയോഗിച്ച് പഴകിയ സാരികളിൽ നിന്ന് തുണിസഞ്ചികൾ നിർമ്മിക്കാൻ ഉളിയക്കോവിൽ നിത്യപ്രഭ നഗർ, കടപ്പാക്കട വൃന്ദാവൻ നഗർ റസിഡന്റ്സ് അസോസിയേഷനുകൾ പദ്ധതി തയ്യാറാക്കി. വീടുകളിൽ നിന്ന് ശേഖരിക്കുന്ന പഴയ സാരികൾ ഉപയോഗിച്ച് നിർമ്മിക്കുന്ന സഞ്ചികൾ 10 രൂപയ്ക്കാണ് നൽകുന്നത്.
പ്ളാസ്റ്റിക് വിമുക്ത കേരളം എന്ന ആശയപ്രചാരണത്തിന്റെ ഭാഗമായി ഇവർ നിർമ്മിച്ച തുണി സഞ്ചികൾ കടപ്പാക്കട ലിറ്റിൽ ഫ്ളവർ സ്കൂളിലെ കുട്ടികൾക്ക് വിതരണം ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കടപ്പാക്കട ഡിവിഷൻ കൗൺസിലർ എൻ. മോഹനൻ വിതരണോദ്ഘാടനം നിർവഹിച്ചു. നിത്യപ്രഭ നഗർ പ്രസിഡന്റ് സി.കെ.വി നായർ, സെക്രട്ടറി മോഹൻകുമാർ, വൃന്ദാവൻ നഗർ സെക്രട്ടറി സമ്പത്ത് കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് വാലന്റീന, പി.ടി.എ പ്രസിഡന്റ് രാജലക്ഷ്മി എന്നിവർ സംസാരിച്ചു.
പ്രതിദിനം 25,000 തുണിസഞ്ചികൾ
നിർമ്മിക്കാൻ ജില്ലയിൽ സംവിധാനം
140 സംരംഭകർ തുണിസഞ്ചികൾ നിർമിക്കാൻ സന്നദ്ധർ
രണ്ട് അപ്പാരൽ പാർക്കിലും സംവിധാനം