കൊല്ലം: കേരള തണ്ടാൻ സർവീസ് സൊസൈറ്റിയുടെ 42-ാമത് സമ്മേളനം കടവൂർ ബ്രൈറ്റ് കോളേജിൽ സംസ്ഥാന പ്രസിഡന്റ് എം. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചുവരുന്ന പട്ടികജാതി, പട്ടികവർഗ്ഗ പീഡനം അവസാനിപ്പിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. പരിഷ്‌കൃത കേരളത്തിൽ ചില പൊലീസുകാർ അടക്കമുള്ള ഉദ്യോഗസ്ഥർ ജാതി നോക്കി പീഡനം നടത്തുന്നു.വിവിധ രാഷ്ട്രീയ പാർട്ടികളിൽ സമുദായാംഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ നിയമസഭയിലേക്കോ ലോക് സഭയിലേക്കോ മത്സരിക്കുന്നതിന് അവസരം നൽകാത്തത് ഖേദകരമാണ്. ഇനിവരുന്ന നിയമസഭാ, ലോക് സഭാ തിരഞ്ഞെടുപ്പുകളിൽ തണ്ടാൻ സമുദായത്തിൽപ്പെട്ട സജീവ രാഷ്ട്രീയ പ്രവർത്തകരെ സ്ഥാനാർത്ഥികളാക്കണമെന്ന് ജനാർദ്ദനൻ ആവശ്യപ്പെട്ടു.സമുദായത്തിലെ കുട്ടികളെ ത്യാഗം സഹിച്ചും വിദ്യാഭ്യാസം ചെയ്യിപ്പിക്കണമെന്നും രാഷ്ട്രീയഭേദമന്യേ സംഘടിത ശക്തിയായി സംഘടനയുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് സജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടും കണക്കും വരുംവർഷത്തെ ബഡ്ജറ്റും ജനറൽ സെക്രട്ടറി എൻ.സുരേന്ദ്രബാബു അവതരിപ്പിച്ചു. പാച്ചല്ലൂർ ശ്രീനിവാസൻ, കെ.ബാലൻ, എസ്.പുരുഷോത്തമൻ, ബാഹുലേയൻ തുടങ്ങിയവർ സംസാരിച്ചു.
സംഘടനയുടെ ആവശ്യങ്ങൾ അടങ്ങിയ അവകാശപത്രിക മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു പാസ്സായ വിദ്യാർത്ഥികളെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു.
ഭാരവാഹികളായി എം.ജനാർദ്ദനൻ (പ്രസിഡന്റ്), കെ. ബാലൻ, ഒരുവാതിൽകോട്ട ശശി (വൈസ് പ്രസിഡന്റുമാർ), പാച്ചല്ലൂർ ശ്രീനിവാസൻ, എൻ. സുരേന്ദ്രബാബു (ജനറൽ സെക്രട്ടറിമാർ), കെ. വിജയൻ (ഓർഗനൈസിംഗ് സെക്രട്ടറി), ബാഹുലേയൻ, ശശി (സെക്രട്ടറിമാർ), എസ്.പുരുഷോത്തമൻ (ട്രഷറർ) എന്നിവരെയും മഹിളാസംഘടനയുടെ ഭാരവാഹികളായി രജിതാമോഹൻ (പ്രസിഡന്റ്), ഷീലാമദനൻ(സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.