bjp
ചിന്നക്കടയിൽ ബി.ജെ.പി സംഘടിപ്പിച്ച ജനജാഗ്രതാസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഭരണഘടനാ ലംഘനം നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു. ചിന്നക്കടയിൽ ബി.ജെ.പി സംഘടിപ്പിച്ച ജനജാഗ്രതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിങ്ങളെ ഭയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. പാർലമെന്റിലെ ഇരുസഭകളിലും മണിക്കൂറുകളോളം ചർച്ച ചെയ്താണ് പൗരത്വഭേദഗതി നിയമം പാസായത്. സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേരിട്ടാണ് രംഗത്തുള്ളത്. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കേരളം നിയമസഭ വിളിച്ചുകൂട്ടി പ്രമേയം പാസാക്കിയിരിക്കുന്നു. ഇത് ഭരണഘടനാലംഘനമാണ്. ആശങ്കാകുലരായ മുസ്ലിം സമൂഹത്തിൽ ഭീതിയും വിദ്വേഷവും വളർത്തി തമ്മിൽതല്ലിക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. സമാധാനജീവതത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുകയും കലാപം സൃഷ്ടിക്കുകയുമാണ് സംസ്ഥാനത്തെ ഭരണപ്രതിപക്ഷമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അധ്യക്ഷനായി. ദേശീയസമിതിയംഗം കെ.ശിവദാസൻ, സംസ്ഥാന ട്രഷറർ എം.എസ്. ശ്യാംകുമാർ, സംസ്ഥാനസെക്രട്ടറി രാജിപ്രസാദ്, സംസ്ഥാനസമിതിയംഗം ബി.രാധാമണി, ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ്, പ്രാക്കുളം ജയപ്രകാശ്, കുഞ്ഞികൃഷ്ണപിള്ള. മാമ്പഴത്തറ സലിം തുടങ്ങിയവർ സംസാരിച്ചു.

യുവമോർച്ച സംസ്ഥാനസെക്രട്ടറി സന്ദീപ് ജി വാര്യർ മുഖ്യപ്രഭാഷണം നടത്തി.
പൗരത്വഭേദഗതി നിയമത്തിൽ പരസ്യമായ സംവാദത്തിന് കോൺഗ്രസും സിപിഎമ്മും തയ്യാറാകണമെന്ന് സന്ദീപ് പറഞ്ഞു. മുസ്ലിം സ്ത്രീകളിൽ അടക്കം അരക്ഷിതാവസ്ഥ വളർത്തുകയാണ് സിപിഎമ്മും കോൺഗ്രസും. എന്നാൽ വികാരം മാറ്റിവച്ച് വിവേകപൂർവം നിയമം പഠിച്ചാൽ ഭരണപ്രതിപക്ഷനേതാക്കളുടെ പൊള്ളത്തരം എല്ലാവർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.