കൊട്ടിയം: നരേന്ദ്ര മോദിയുടെ നയങ്ങൾ രാജ്യത്തിനെ അപകടാവസ്ഥയിലാക്കിയെന്ന് മുൻ എം.എൽ.എ ജി. പ്രതാപവർമ്മ തമ്പാൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് മയ്യനാട് പഞ്ചായത്ത് കമ്മിറ്റി കൊട്ടിയത്ത് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഗീയ ധ്രുവീകരണമെന്ന സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കുകയാണ് ഭരണാധികാരികൾ. ഇതിൽ വലിയ ഒരു വിഭാഗം ജനത ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് സുധീർ കിടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ദേവരാജൻ, അനസ് കൊട്ടിയം, ലീഗ് ജില്ലാ ജന. സെക്രട്ടറി സുൽഫിക്കർ സലാം, മുസ്ലിം ലീഗ് ദേശീയ കൗൺസിലംഗം ഉമയനല്ലൂർ ഷിഹാബുദ്ധീൻ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അൻവർ കൊട്ടിയം എന്നിവർ സംസാരിച്ചു.