തൃശൂർ: സംസ്ഥാനത്ത് ജനുവരി ഒന്നു മുതൽ പ്‌ളാസ്റ്റിക് നിരോധനം നടപ്പാക്കുമ്പോൾ റോഡുകളുടെ ഓരങ്ങളിൽ കുമിഞ്ഞുകൂടുന്നത് ടൺ കണക്കിന് പ്‌ളാസ്റ്റിക് മാലിന്യങ്ങൾ. കഴിഞ്ഞ ദിവസം മഴ പെയ്തതോടെ മാലിന്യങ്ങളിലെ ജൈവ അവശിഷ്ടങ്ങൾ ചീഞ്ഞുനാറി രോഗാണുക്കളും കൊതുകുകളും വ്യാപിച്ച് പകർച്ചവ്യാധികളുടെ വക്കിലാണ് നഗരം.
തുലാവർഷം വീണ്ടും ശക്തിപ്പെടുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ഭയാശങ്കയിലാണ്. കോർപറേഷൻ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഒരുക്കത്തിലും. പ്ലാസ്റ്റിക് വിമുക്ത നഗരമാക്കുന്നതിന്റെ ഭാഗമായി 50 മൈക്രോണിന് താഴെയുള്ള കവറുകൾ കഴിഞ്ഞ നവംബർ ഒന്ന് മുതൽ കോർപറേഷൻ നിരോധിച്ചെങ്കിലും അത് ഫലപ്രദമായിട്ടില്ല. മാലിന്യ സംസ്‌കരണ പദ്ധതികളിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താത്തതും സംസ്‌കരണശാലകളുടെ കുറവുമാണ് മാലിന്യപ്രശ്‌നത്തിന് പ്രധാനകാരണം. പതിറ്റാണ്ടുകളായി മാലിന്യ സംസ്‌കരണ പദ്ധതികൾ പലതും പ്രഖ്യാപിച്ചിട്ടും, ശാശ്വതപരിഹാരമായിട്ടില്ല. ഉറവിട മാലിന്യ സംസ്‌കരണവും കേന്ദ്രീകൃത മാലിന്യ സംസ്‌കരണവുമെല്ലാം പെരുവഴിയിലായി. ശക്തൻ നഗറിലെ പച്ചക്കറി മത്സ്യ മാംസ മാർക്കറ്റുകൾക്ക് സമീപവും ഇടറോഡുകളുമാണ് ഏറെ വൃത്തിഹീനം.
ഇവിടങ്ങളിൽ പ്ലാസ്റ്റിക് കവറുകളിൽ തള്ളുന്ന മാലിന്യവും മാർക്കറ്റിലെ മലിനജലവുമെല്ലാം കടുത്ത ദുർഗന്ധമുണ്ടാക്കുന്നു. കോർപറേഷൻ നടപ്പിലാക്കിയ പൈപ്പ് കമ്പോസ്റ്റും, ഡിവിഷൻ തോറും മാലിന്യശേഖരണത്തിനായി കളക്‌ഷൻ സെന്ററുകളും ഫലം കണ്ടില്ല. നിലവിൽ ശക്തനിൽ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും, അജൈവ മാലിന്യസംസ്‌കരണം ഇപ്പോഴും നടക്കുന്നില്ല. പ്ലാസ്റ്റിക് നിരോധിച്ചും സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് പൊതുഇടങ്ങളിലെ മാലിന്യ നിക്ഷേപം കണ്ടെത്തിയും കോർപറേഷൻ ശ്രമം നടത്തിയെങ്കിലും രാത്രികാലങ്ങളിൽ മാലിന്യ നിക്ഷേപം തുടരുകയാണ്. തൃശൂർ റെയിൽവേ സ്റ്റേഷന്റെ, പൂത്തോളിലെ രണ്ടാംകവാടത്തിന് മുന്നിലുള്ള വഴിയിൽ പ്‌ളാസ്റ്റിക് മാലിന്യം കുന്നുകൂടിയ നിലയിലാണ്. സെപ്ടിക് ടാങ്ക് മാലിന്യമടക്കം, ജലസ്രോതസുകളിലേക്കും പാടത്തേക്കും തള്ളുന്നതായും പരാതിയുണ്ട്.
................
'' നവംബർ ഒന്നുമുതൽ പ്‌ളാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയതോടെ മാലിന്യം കുറഞ്ഞിട്ടുണ്ട്. പടിപടിയായി പ്രശ്‌നം പരിഹരിക്കും. പെട്ടെന്ന് മാറ്റമുണ്ടാവില്ല. ഷോപ്പിംഗ് ഫെസ്റ്റിവൽ ഹരിതചട്ടപ്രകാരമായിരിക്കും. ''
അജിത വിജയൻ, മേയർ.
നിരോധിക്കുന്നവ ഇവ
1. പ്ലാസ്റ്റിക് കാരിബാഗ്, കൂളിംഗ് ഫിലിം
2. മേശപ്പുറത്ത് വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്
3. തെർമോക്കോൾ, ബൗൾ, ക്യാരിബാഗുകൾ
4. ഒറ്റത്തവണ ഉപയോഗിക്കുന്ന കപ്പ്, പ്ലേറ്റ്, സ്പൂൺ, ഫോർക്ക്, സ്‌ട്രോ
5. പ്ലാസ്റ്റിക് ആവരണമുള്ള കപ്പുകളും പ്ലേറ്റുകളും
ശിക്ഷ:
10,000 രൂപ
നിർമിക്കുകയോ സൂക്ഷിക്കുകയോ കൊണ്ടുപോവുകയോ ചെയ്താൽ
25,000 രൂപ
രണ്ടാമതും നിയമം ലംഘിച്ചാൽ
50,000 രൂപ
വീണ്ടും ലംഘിച്ചാൽ, സ്ഥാപനത്തിന്റെ അനുമതിയും റദ്ദാക്കും
ശിക്ഷ നടപ്പാക്കാനുള്ള ചുമതല:
സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ്, മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ
മാലിന്യമുക്ത പദ്ധതിക്ക് വിലങ്ങുതടി ഇവ
മാലിന്യ സംസ്‌കരണ പദ്ധതികളിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നില്ല
സംസ്‌കരണശാലകളുടെ കുറവ്
ഫ്ലാറ്റ് സമുച്ചയങ്ങളിലും കെട്ടിട സമുച്ചയങ്ങളിലും മാലിന്യസംസ്കരണ പ്ലാന്റുകൾ നിർബന്ധമാക്കാത്തത്
ജൈവ-അജൈവ മാലിന്യസംസ്കരണ പദ്ധതികളുടെ കാര്യക്ഷമതയില്ലായ്മ