തൃശൂർ: വരണ്ട കാലാവസ്ഥയിൽ കാണപ്പെടുന്ന മരുപ്പക്ഷിയെന്ന ദേശാടനപക്ഷിയെ കേരളത്തിൽ കാസർകോട് കുമ്പളയ്ക്കടുത്ത് ഷിറിയപുഴ കടലിൽ ചേരുന്ന അഴിമുഖത്തിനോട് ചേർന്നുള്ള മണൽപ്പരപ്പിൽ പക്ഷി നിരീക്ഷകർ കണ്ടെത്തി. 2000ന് മുമ്പ് പാലക്കാട് നിന്നും മറ്റും ഈ പക്ഷിയെ കണ്ടതായി നിരീക്ഷണക്കുറിപ്പുകളിൽ പറയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ആദ്യമായി ഫോട്ടോ സഹിതം രേഖപ്പെടുത്തുന്നത് 2017ൽ മാടായിപ്പാറയിൽ നിന്നാണ്. രണ്ടാം തവണയാണ് കേരളത്തിൽ പക്ഷിയെ കണ്ടെത്തുന്നത്. ഇതോടെ കാസർകോട് ജില്ലയിൽ നിന്ന് കണ്ടെത്തിയ പക്ഷികളുടെ എണ്ണം 339 ആയി. പക്ഷിനിരീക്ഷകരായ മനോജ് കരിങ്ങാമഠത്തിലും സനുരാജും ആണ് കുമ്പള അഴിമുഖത്തുനിന്ന് പക്ഷിയെ കണ്ടെത്തിയത്.
പ്രത്യേകത ഇവ
മങ്ങിയ മഞ്ഞകലർന്ന നിറത്തിലുള്ള ഇവയുടെ തൂവലുകളുടെ അറ്റം ചാരനിറം
കറുപ്പ് നിറത്തിൽ നീണ്ട വാലും മങ്ങിയ നിറത്തിലുള്ള കഴുത്തും ചിറകുകളിൽ കറുപ്പുനിറവും
15 സെന്റീമീറ്റർ വരുന്ന പക്ഷിയുടെ തൂക്കം ഏതാണ്ട് 1534 ഗ്രാം
ആഹാരം
പ്രാണികൾ, പുഴുക്കൾ തുടങ്ങിയ കൊച്ചുജീവികളും വിത്തുകളും
പ്രജനനം നടത്തുന്നത്
മദ്ധ്യപൂർവേഷ്യയിൽ സൗദി അറേബ്യ, ഇറാൻ, ബലൂചിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, തുർക്കിസ്ഥാൻ, വടക്കുപടിഞ്ഞാറൻ മംഗോളിയ വരെയുള്ള പ്രദേശത്ത്. മഞ്ഞുകാലത്ത് വടക്ക് കിഴക്കൻ ആഫ്രിക്ക, അറേബ്യൻ ദ്വീപുകൾ, ഇറാഖ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിലേയ്ക്ക് ദേശാടനം നടത്തും