തൃശൂർ: അത്താണിയിൽ നിലാച്ചന്തം രാത്രികാല ഷോപ്പിംഗ് ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷനും, പെരിങ്ങണ്ടൂർ സർവീസ് ബാങ്കും സംയുക്തമായാണ് അത്താണി ഗ്രീൻ മൈത്രി സൂപ്പർ മാർക്കറ്റിന്റെ ഗ്രൗണ്ട് ഫ്‌ളോറിൽ രാത്രികാല ഷോപ്പിംഗ് മേള ആരംഭിച്ചത്. ഡിസംബർ 31 വരെ രാത്രി 11 വരെയാണ് മേള. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും, ഫുഡ്‌കോർട്ടും മേളയിലുണ്ട്. കുടുംബശ്രീ പലഹാരങ്ങൾ, വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന ചെങ്ങാലിക്കോടൻ കായ വറുത്തത്, നീര കൗണ്ടർ, നാടൻ തട്ടുകട, ലൈവ് ദോശ കൗണ്ടർ, വൈവിദ്ധ്യമാർന്ന കേക്കുകൾ, മത്സ്യ മാംസ സ്റ്റാൾ, കോഫിയുടെ രുചി ഭേദങ്ങളുമായി ഗ്രീൻ കഫേ എന്നിവയും ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

ഫെസ്റ്റിന്റെ ഭാഗമായി എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ സമ്മാനം നൽകും. ബാങ്കിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്ന സാധന സാമഗ്രികളുടെ പ്ലാസ്റ്റിക് കവറുകൾ തിരികെ കൊടുക്കുമ്പോൾ കിലോക്ക് 30 രൂപ നൽകുന്ന പദ്ധതിയും, ഗ്രീൻ സഞ്ചിയുടെ വിതരണ ഉദ്ഘാടനവും മേരി തോമസ് നിർവഹിച്ചു. മുറ്റത്തെ മുല്ല പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സുകന്യ സംഘത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കുടുംബശ്രീ മിഷൻ കോ ഓർഡിനേറ്റർ കെ. ജ്യോതിഷ് കുമാറും, മേരി തോമസും ചേർന്ന് കൈമാറി. നഗരസഭ ചെയർപേഴ്‌സൺ ശിവപ്രിയ സന്തോഷ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ അനൂപ് കിഷോർ, വടക്കാഞ്ചേരി നഗരസഭ സി.ഡി.എസ് ചെയർപേഴ്‌സൺ സിനി സുനിൽകുമാർ, പി.എസ്.എസ് ബാങ്ക് പ്രസിഡന്റ് എം.ആർ ഷാജൻ, വൈസ് പ്രസിഡന്റ് കെ.ആർ ഉദയൻ തുടങ്ങിയവർ പങ്കെടുത്തു...