kalari
വാളൂർ നായർ സമാജം സ്‌കൂളിലെത്തിയ ജോർജ്ജ് ഒബെങ് ഡ്യൂറോതെക്കൻ കളരി അഭ്യസിച്ച നന്ദന സുരേഷുമായി പയറ്റ് നടത്തുന്നു

മാള: വാഴൂർ നായർ സമാജം സ്കൂളിലെ ഒൻപതാം ക്ളാസുകാരി നന്ദനയുടെ തെക്കൻ വടിപ്പയറ്റിനു മുന്നിൽ ടെക്സാസുകാരൻ ജോർജ് ഒബെഗ് ‌ഡ്യൂറോയ്ക്ക് പെട്ടെന്ന് ഒരു സംശയം: തെക്കൻ കളരിക്കോ വടക്കൻ കളരിക്കോ മൂപ്പ്? കളരിക്കമ്പം കയറി അമേരിക്കൻ നാവികസേനാ ഉദ്യോഗം കളഞ്ഞ് കടത്തനാട്ടേയ്ക്കു പോന്ന ഡ്യൂറോ പരിചയിച്ചത് വടക്കൻ കളരി. അതിനിടെ, വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ കുറുപ്പായി എത്തിയതാണ് മാളയിൽ.

കടലും കപ്പലും വിട്ട് കളരിത്തറയിലേക്കു ചുവടുമാറിയ ജോർജ് ഒബെഗിന് അതുവരെ ആയുധം ഉപയോഗിച്ചുള്ള യുദ്ധ മുറകളേ വശമുണ്ടായിരുന്നുള്ളൂ. വയസ് 34. പതിമൂന്നു വർഷം അമേരിക്കൻ നേവിയിൽ. ഇറാഖ് യുദ്ധകാലത്ത് പസഫിക് സമുദ്രത്തിൽ അമേരിക്കൻ യുദ്ധക്കപ്പലിൽ നാവികനായിരുന്ന ഡ്യൂറോയുടെ ജീവിതം വഴിതിരിച്ചു വിട്ടത് മലയാളിയായ മോഹൻജിയാണ്. അമേരിക്ക ഉൾപ്പെടെ ലോകമെങ്ങും ചേരികൾ കേന്ദ്രീകരിച്ച് സാമൂഹിക പ്രവർത്തനം നടത്തുന്ന മോഹൻജി രണ്ടു വർഷം മുമ്പ് ടെക്സാസിൽ ഒരു പ്രഭാഷണം നടത്തി. കേൾവിക്കാരുടെ കൂട്ടത്തിൽ ഡ്യൂറോയും ഉണ്ടായിരുന്നത് യാദൃച്ഛികം. പ്രഭാഷണം കഴിഞ്ഞപ്പോൾ ഡ്യൂറോ മോഹൻജിയെ ചെന്നു കണ്ടു. 'ഞാനും കൂടെ വരുന്നു" എന്നു മാത്രം പറഞ്ഞു. അതോടെ ഡ്യൂറോയുടെ ജീവിതം മാറി.

ഇന്ത്യയിലെത്തി കൈലാസ തീർത്ഥാടനം നടത്തിയ ഡ്യൂറോയുടെ മനസ്സിലേക്ക് സാമൂഹിക സേവനത്തിനൊപ്പം കളരിച്ചുവടും കയറിക്കൂടി. മെയ് തന്നെ ആയുധമാക്കുന്ന വിദ്യ സൈനികനായിരുന്ന ഡ്യൂറോയെ കീഴ്പ്പെടുത്തിക്കളഞ്ഞു.

കളരി പഠിക്കണമെന്നായപ്പോൾ മോഹൻജി തന്നെ ജോർജിനെ വയനാട്ടിലെത്തിച്ച് മധു ഗുരുക്കളെ ഏല്പിച്ചു. അഞ്ചു മാസം കളരിയിൽ താമസിച്ച് പഠനം. രണ്ടു വർഷം കൊണ്ട് പഠിക്കേണ്ടുന്ന പയറ്റു മുറകളെല്ലാം ഇതിനകം ശിഷ്യന് വശമായി. വടിപ്പയറ്റാണ് പ്രിയം. നേരത്തേ ജപ്പാൻ ആയോധനകലയായ തായ്‌ക്വണ്ടോ അഭ്യസിച്ചിട്ടുണ്ട് ജോർജ്.

വയനാട്ടിൽ പുതുപ്പണത്തെ കടത്തനാട് കെ.പി.സി.ജി.എം കളരി സംഘത്തിലാണ് ഡ്യുറോയുടെ പരിശീലനം. അതിനിടയ്‌ക്കാണ് വാഴൂർ സ്കൂളിൽ കുറുപ്പായി എത്തിയത്. ഇനി കടത്തനാടൻ കളരിയെ വിദേശത്ത് പരിചയപ്പെടുത്തണം. കളരിയിൽ ഗവേഷണത്തിനും താത്പര്യമുണ്ട് ഡ്യൂറോയ്ക്ക്.

അഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ് ഡ്യൂറോയുടെ കുടുംബം. സഹോദരനും നാവികൻ. സഹോദരി നാവികസേനയിൽ നഴ്സ്.