കെ.കരുണാകരനില്ലാത്ത ഒമ്പതു വർഷം. കേരളത്തിലും ഇന്ത്യയിലും കോൺഗ്രസ് പാർട്ടിയിലും അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം എങ്ങനെ പ്രതിഫലിച്ചു. ഇന്നലെ കരുണാകരന്റെ സ്മൃതിദിനത്തിൽ മകൾ പത്മജ വേണുഗോപാൽ അച്ഛനെക്കുറിച്ചുളള ഓർമ്മകൾ പങ്കിട്ടു.
പൗരത്വഭേദഗതി നിയമത്തെചൊല്ലി വലിയ കോലാഹലമാണ് നാടെങ്ങും.?
ഹിന്ദുവാണെങ്കിലും ഹിന്ദുത്വത്തിന്റെ മുഖം ഒരിക്കലും അച്ഛനില്ലായിരുന്നു. ഹിന്ദുമതങ്ങളിലും ആചാരങ്ങളിലും വലിയ വിശ്വാസമായിരുന്നുവെങ്കിലും, ഹിന്ദുക്കൾക്കും മുസ്ളിംങ്ങൾക്കും ക്രിസ്ത്യാനികൾക്കും അദ്ദേഹം ഒരു പോലെ പ്രിയപ്പെട്ടവനായിരുന്നു. കാരണം ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഒരു വേർതിരിവും അച്ഛൻ കാണിച്ചില്ല. അതുകൊണ്ടുതന്നെ പൗരത്വ നിയമമൊന്നും അദ്ദേഹത്തെപ്പോലുള്ളവർക്ക് സഹിക്കാൻ പറ്റുന്ന കാര്യമായിരിക്കില്ല. പല്ലും നഖവും ഉപയോഗിച്ച് തന്നെ എതിർക്കുമെന്നതിൽ സംശയമില്ല. അതിൽ സ്വന്തം പാർട്ടിയിൽ തന്നെ ആര്, എന്ത് പറയുന്നു എന്ന് അദ്ദേഹം നോക്കില്ല. അതിനാൽ തന്നെ ഈ ഒരു സംഘർഷഭരിതമായ കാലത്ത് ശരിയ്ക്കും അച്ഛനെ മിസ് ചെയ്യുന്നു എന്ന ദു:ഖമുണ്ട്.
അച്ഛന്റെ ഒരു സവിശേഷത, ഒരു കാര്യത്തിന് ഇറങ്ങിയാൽ അത് എന്തുവില കൊടുത്തും നടത്തിയിരിക്കും എന്നതാണ്. ഡൽഹി രാഷ്ട്രീയത്തിലായാലും ഘടകകക്ഷികളുമായി സംസാരിച്ച് നിർണായകമായ ചില വഴിത്തിരിവുകൾ ഉണ്ടാക്കുന്ന കാര്യത്തിലായാലും അത് പ്രകടമായിരുന്നു. ഹിന്ദിഭാഷ അറിയാതിരുന്നിട്ടും അദ്ദേഹം അതെല്ലാം വളരെ എളുപ്പത്തിൽ ചെയ്തു. അച്ഛനുണ്ടായിരുന്നെങ്കിൽ ബി.ജെ.പി ക്ക് ഇത്ര ശക്തി വരില്ലായിരുന്നു. കേരളത്തിൽ ഒരിക്കലും ബി.ജെ.പി വളരില്ലായിരുന്നു. കേന്ദ്രനേതാക്കളുമായും പ്രതിപക്ഷവുമായും അച്ഛൻ അടുത്ത ബന്ധം പുലർത്തി. ഡൽഹിയിൽ ചെല്ലുമ്പോൾ എൽ.ഡി.എഫ് നേതാക്കളും അദ്ദേഹത്തെ കാണാനെത്തിയിരുന്നു. ആ ബന്ധം പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടി ഉപയോഗിച്ചു. വ്യക്തിപരമായ ഒരാവശ്യവുമുണ്ടായിട്ടില്ല. അതുകൊണ്ട് ആരുടെ മുന്നിലും മുട്ടുമടക്കിയില്ല. സ്വന്തമായുളള ആഗ്രഹങ്ങളുണ്ടെങ്കിൽ മാത്രമേ പ്രശ്നങ്ങളുള്ളൂ. പാർട്ടിക്ക് വേണ്ടി ആരെയും വെല്ലുവിളിച്ചു. വ്യക്തി - രാഷ്ട്രീയജീവിതത്തിൽ ഒരു കറയും അദ്ദേഹത്തിനുണ്ടായിട്ടില്ല. ആര് എന്തൊക്കെ പറഞ്ഞാലും. തെറ്റുകാരനല്ലെന്ന് തെളിയിക്കാൻ അച്ഛന് കഴിഞ്ഞു.
ശബരിമല പ്രശ്നമോ?
നിലയ്ക്കൽ സംഭവം എന്തുമാത്രം ആളിക്കത്തേണ്ടതായിരുന്നു. എല്ലാവർക്കും സ്വീകാര്യമായ നയമാണ് അച്ഛൻ അന്ന് സ്വീകരിച്ചത്. എല്ലാവരും ഭയന്നുപോയ സമയമായിരുന്നു. എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു പലരും. അദ്ദേഹത്തിന്റെ കഴിവുകൊണ്ടാണ് ലളിതമായി ആ വിഷയം കൈകാര്യം ചെയ്തത്. നമ്മൾ ആലോചിക്കുന്നതിന് അപ്പുറം അദ്ദേഹം ചിന്തിക്കും എന്നതുകൊണ്ടാണത്. അച്ഛനായിരുന്നെങ്കിൽ ശബരിമലയിൽ ഇങ്ങനെയാവില്ല കാര്യങ്ങൾ.
ഇടതുപക്ഷവുമായി ഒന്നിച്ചുളള പ്രതിഷേധത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായമുണ്ടല്ലോ?
അച്ഛനുണ്ടായിരുന്നെങ്കിൽ ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ആർക്കും പറയാനാവില്ല. നമ്മൾ ചിന്തിക്കുന്നതു പോലെയല്ല അച്ഛൻ ചിന്തിക്കുക. എല്ലാ കാര്യത്തിലും പോസിറ്റീവും നെഗറ്റീവും കാണും. എല്ലാവരും ചിന്തിക്കുന്നതിന് അപ്പുറത്ത് ഒരു നിലപാടുമുണ്ടാകും. ഈ വിഷയത്തിൽ പാർട്ടിയിൽ രണ്ടഭിപ്രായമുണ്ടായി. ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിക്കാൻ എനിക്കിഷ്ടമില്ല. പാർട്ടി പ്രസിഡന്റും പ്രതിപക്ഷ നേതാവുമാണ് വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞത്. രണ്ടു നേതാക്കളെയും കുറ്റപ്പെടുത്താൻ ഇഷ്ടമില്ല. അവരെല്ലാം അറിവും പരിചയ സമ്പത്തുമുള്ളവരാണ്. എന്തെങ്കിലും ന്യായങ്ങൾ അവർ കാണുന്നുണ്ടാകും.
ദേശീയതലത്തിലും ലീഡറുടെ അസാന്നിദ്ധ്യം പ്രകടമല്ലേ ?
കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിൽ കഴിവുള്ളവരുണ്ട്. അതിൽ സംശയമൊന്നുമില്ല. പക്ഷേ, അവർക്ക് പിന്നിൽ ഒരു തള്ള് കൊടുക്കാൻ പറ്റുന്നയാളായിരുന്നു അച്ഛൻ. അത് പാർട്ടിയുടെ വളർച്ചയ്ക്ക് അനിവാര്യവുമായിരുന്നു. എവിടെപ്പോയി സംസാരിക്കാനും തന്ത്രങ്ങൾ മെനയാനും അദ്ദേഹം ഉണ്ടായിരുന്നു. അത് ഇന്നത്തെ പല ദേശീയ നേതാക്കൾക്കും ഇല്ല. അച്ഛന്റെ കൂടെയുളള അനുഭവം കൊണ്ട് എനിക്ക് കിട്ടിയ അറിവുകളുണ്ട്. ചില രാഷ്ട്രീയനീക്കങ്ങൾ കാണുമ്പോൾ എനിക്ക് തോന്നാറുണ്ട്, ഇങ്ങനെയല്ലേ വേണ്ടിയിരുന്നത്. പക്ഷേ, പല നേതാക്കൾക്കും അങ്ങനെ തോന്നുന്നില്ല.
ലീഡർ വലിയ വിശ്വാസിയായിരുന്നല്ലോ?
ബി.ജെ.പിയുടെ ഭക്തി കപടമാണ്.എല്ലാ മതസ്ഥരും ഒന്നായിരുന്നു അച്ഛന്. വേളാങ്കണ്ണിയിലെ വിശ്വാസികളെയും മുസ്ളീങ്ങളുടെ ചന്ദനക്കുടത്തെയും അദ്ദേഹം പിന്തുണച്ചു. ഭക്തി വ്യക്തിപരമായിരുന്നു. രാഷ്ട്രീയമായിരുന്നില്ല. ക്ഷേത്രങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കുമ്പോഴാണ് പ്രശ്നം. ഹിന്ദുമത ഗ്രന്ഥങ്ങളിൽ മറ്റുള്ളവരെ സ്നേഹിക്കരുതെന്ന് പറഞ്ഞിട്ടില്ല. ഏത് മതത്തിലാണ് മറ്റുള്ളവരെ വെറുക്കണമെന്ന് പറയുന്നത്. ഞങ്ങൾ കുട്ടിക്കാലം മുതൽക്കേ മതഗ്രന്ഥങ്ങൾ വായിച്ചവരാണ്. ന്യൂനപക്ഷങ്ങളുടെ വോട്ടുകിട്ടാനല്ല ഞങ്ങളുടെ നിലപാട്. ന്യൂനപക്ഷങ്ങളെപ്പോലെ ഹിന്ദു വിശ്വാസികളെയും സ്നേഹിച്ചു. വ്യക്തിപരമായ താത്പര്യം കൊണ്ടാണ് ഞങ്ങൾ ഹിന്ദുമതത്തിലും ആചാരത്തിലും വിശ്വസിക്കുന്നത്.