cake-

തൃശൂർ: ഭക്ഷ്യോത്പന്നങ്ങൾ കേടുവരാതെ സൂക്ഷിക്കാനുള്ള രാസപദാർത്ഥങ്ങളായ പ്രിസർവേറ്റീവുകൾ ചേർക്കാതെ യഥാർത്ഥ പഴങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ കേക്കുകളും കണ്ണൂർ കിണ്ണത്തപ്പവും വിയ്യൂർ ജയിലിൽ തയ്യാർ. ഓൺലൈൻ ഭക്ഷണ വിതരണകമ്പനിയുമായി കൈകോർത്ത് പുറത്തിറക്കിയ 'ഫ്രീഡം കോംപോ ലഞ്ച്' വിജയം കണ്ടതിൻ്റെ പിന്നാലെയാണ് ക്രിസ്മസിനെയും പുതുവത്‌സരത്തേയും വരവേൽക്കാൻ ഫ്രീഡം ഫുഡ് ഫാക്ടറി വഴി കേക്കുകൾ വിൽക്കുന്നത്.

ബേക്കറി യൂണിറ്റിൽ നിന്ന് മുൻപ് പ്‌ളം കേക്ക്, കപ്പ് കേക്ക് എന്നിവ വിറ്റിരുന്നു. ഫ്രീഡം ബനാന, ഫ്രീഡം ഗ്രേപ്‌സ് കേക്കുകളാണ് സെൻട്രൽ ജയിൽ ആൻഡ് കറക്‌ഷണൽ ഹോമിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഫുഡ് ഫാക്ടറിയിൽ തയ്യാറാക്കിയത്. പ്രീമിയം ഫ്രൂട്ട് കേക്കുകൾ ജനുവരി ഒന്ന് വരെ മാത്രമേ വിൽപ്പന ഉണ്ടായിരിക്കുകയുള്ളൂ. എല്ലാതരം കേക്കുകളും ജയിലിൻ്റെ മുന്നിലെ ഔട്ട് ലെറ്റിൽ വിൽപ്പന ആരംഭിച്ചിട്ടുണ്ട്.

മലബാറിൻ്റെ സ്പെഷ്യലായ, അരിപ്പൊടിയും ശർക്കരയും നാളികേരവും ചേർത്ത് തയ്യാറാക്കുന്ന കിണ്ണത്തപ്പത്തിനും ഡിമാൻഡ് ഏറെയാണ്. പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന, കണ്ണൂരിൽ ഏറെ പ്രചാരത്തിലുളള 'ഫ്രീഡം കണ്ണൂർ കിണ്ണത്തപ്പം' ഏതാണ്ട് കേക്കു പോലെത്തന്നെയാണ്. അരി അലുവ എന്നും വിളിക്കുന്ന കിണ്ണത്തപ്പത്തിലും രാസവസ്തുക്കൾ ചേർത്തിട്ടില്ല. ഋഷിരാജ് സിംഗ് ജയിൽ ഡി.ജി.പിയായശേഷം നൽകിയ നിർദ്ദേശപ്രകാരമാണ് 'ഫ്രീഡം കോംപോ ലഞ്ച്' തുടങ്ങിയത്. ഇത് ആദ്യം നടപ്പിലാക്കിയത് വിയ്യൂരിലായിരുന്നു. ഒന്നരക്കോടി രൂപ ചെലവഴിച്ച് ഇവിടത്തെ അടുക്കള ഹൈടെക്ക് ആക്കിയിരുന്നു.

വിലനിലവാരം:

രണ്ടുതരം(നേന്ത്രപ്പഴം,മുന്തിരി) പ്രീമിയം കേക്കുകൾ 730 ഗ്രാം : 230 രൂപ.

പ്‌ളം കേക്കുകൾ 360 ഗ്രാം: 80 രൂപ, 730 ഗ്രാം: 160 രൂപ

കിണ്ണത്തപ്പം 500 ഗ്രാം: 75 രൂപ.

ഒരു കിലോഗ്രാം പാക്കറ്റ് :150 രൂപ

''പ്രിസർവേറ്റീവുകൾ ഒന്നും ചേർക്കാതെ നിർമ്മിക്കുന്നതിനാൽ കേക്കുകൾ യാതൊരു ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കില്ല. യഥാർത്ഥ പഴങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ അധികദിവസം സൂക്ഷിക്കാൻ കഴിയില്ല. പരമാവധി അഞ്ച് ദിവസത്തിനുളളിൽ കേക്കുകൾ ഉപയോഗിക്കുകയും വേണം. വൻതോതിൽ തയ്യാറാക്കി വയ്ക്കാനും കഴിയില്ല. വിൽപ്പനയ്ക്ക് അനുസരിച്ചാണ് ഉത്പാദനം. വാഹനങ്ങളിലൂടെയും വിൽപ്പന നടക്കുന്നുണ്ട്. ''

- നിർമ്മലാനന്ദൻ നായർ, സൂപ്രണ്ട്, വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്‌ഷണൽ ഹോം.