തൃ​ശൂ​ർ​:​ ​ ദേശീയപാത 544ലെ മണ്ണുത്തി വടക്കഞ്ചേരി റോഡിലുള്ള കുതിരാനിലെ ഇരട്ട തുരങ്കങ്ങളിലൊന്ന് യാത്രാവശ്യങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാതമന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയതായി ടി.എൻ. പ്രതാപൻ എം.പി.

ഇരട്ട തുരങ്കങ്ങളിൽ 90 ശതമാനം നിർമ്മാണം പൂർത്തിയായ ഒരു തുരങ്കമാണ് ഇനിയും കാലതാമസമില്ലാതെ തുറന്നുകൊടുക്കാൻ മന്ത്രി ദേശീയ പാത അതോറിറ്റി ഒഫ് ഇന്ത്യക്ക് നിർദേശം നൽകിയത്.

ദേശീയപാത 544ലെ മണ്ണുത്തി വടക്കാഞ്ചേരി റോഡിന്റെയും കുതിരാനിലെ തുരങ്കങ്ങളുടെയും നിർമ്മാണം പൂർത്തിയാകാത്തത് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ടി.എൻ. പ്രതാപൻ എം.പി മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇങ്ങനെയൊരു ഉറപ്പ് മന്ത്രി നൽകിയത്. ഇതിന്റെ മേൽനോട്ടം വഹിക്കാൻ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് മെമ്പർ പി.കെ. പാണ്ഡെയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ശബരിമല തീർത്ഥാടകരുടെ യാത്രാക്ലേശങ്ങൾ വർദ്ധിച്ചുവരുന്നത് കൂടി കണക്കിലെടുത്തായിരിക്കും പുതിയ ക്രമീകരണങ്ങൾ. യാത്രയ്ക്കായി തുറക്കുന്ന തുരങ്കത്തിലെ സുരക്ഷാ ക്രമീകരങ്ങൾ ഉറപ്പുവരുത്തുന്നതിനെ പറ്റിയും മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യമുണ്ട്.