kadannappally
സമ്പാളൂർ പള്ളിയിൽ നവീകരിച്ച ചരിത്ര മ്യൂസിയം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: സംസ്‌കാരത്തിലും സാമൂഹിക തലങ്ങളിലും ചരിത്ര മ്യൂസിയങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കാടുകുറ്റി സമ്പാളൂർ സെന്റ് സേവ്യേഴ്‌സ് ദേവാലയത്തിൽ നവീകരിച്ച ആംഗ്ലോ ഇന്ത്യൻ ചരിത്ര സാംസ്‌കാരിക മ്യൂസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചന്ദ്രയാൻ തുടങ്ങി ആധുനിക കണ്ടുപിടുത്തളുടെ നിറവിലാണ് രാജ്യം. ഇനിയും നമ്മുടെ ശാസ്ത്രജ്ഞന്മാർ അത്ഭുതങ്ങളുടെ ഒട്ടനവധി നേട്ടങ്ങളും കൈവരിക്കും. എന്നാൽ ഇവയ്‌ക്കെല്ലാം ആധാര ശില ഇന്നലകളുടെ പൈതൃകങ്ങളാണ്. ഇവയെ തിരസ്‌കരിക്കുന്നത് അപരാധവുമാണ് - മന്ത്രി പറഞ്ഞു.

ദേവാലയ അങ്കണത്തിൽ നടന്ന യോഗത്തിൽ ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി. കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. ജോസഫ് കാരിക്കശേരി അനുഗ്രഹ പ്രഭാഷണം നടത്തി. ജോൺ ഫെർണാണ്ടസ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ആർ. സുമേഷ്, പഞ്ചായത്ത് അംഗങ്ങളായ ടെഡി സിമേത്തി, മേഴ്‌സി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ. പത്മനാഭൻ, വികാരി ഫാ. ജോയ് കല്ലറക്കൽ എന്നിവർ പ്രസംഗിച്ചു.