ഇരിങ്ങാലക്കുട: ഇന്ത്യൻ ജനാധിപത്യത്തെ ഇന്നു നയിക്കുന്നത് മതാധിപത്യമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ കാറളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച താണിശ്ശേരി ലഹള ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടൽമാണിക്യം ഉൾപ്പെടെയുള്ള ദേവസ്വം ബോർഡുകളിൽ പിന്നാക്കവിഭാഗത്തിൽ നിന്നുള്ളവർ നാമമാത്രമാണ്. എന്നിട്ടും ദേവസ്വം ബോർഡുകളിൽ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം, സവർണലോബി ഇടതുപക്ഷത്തും പ്രവർത്തിക്കുന്നതിനു തെളിവാണ്. കോൺഗ്രസ് എം.എൽ.എമാരിലും ഈഴവരില്ലെന്നത് ശ്രദ്ധിക്കേണ്ടതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഭൂരിപക്ഷത്തിന്റെ ആധിപത്യമായാണ് ജനാധിപത്യത്തെ രേഖപ്പെടുത്തുന്നതെങ്കിലും ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തിലാണ് രാജ്യം നയിക്കപ്പെടുന്നത്. നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള കഥകളിയുടെ അവതരണത്തിന് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ അവസരം നിഷേധിക്കപ്പെടുകയായിരുന്നു.
സമുദായത്തിന്റെ പേരു പറഞ്ഞ് സ്ഥാനവും സമ്പത്തും നേടി, യോഗനേതാക്കളെ ഇന്നലെ വരെ പൊക്കിപ്പറഞ്ഞവർ ഇന്ന് തള്ളിപ്പറയുമ്പോൾ കുലംകുത്തികളായ ഇവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സമുദായം കെട്ടുറപ്പോടെ മുന്നോട്ടുപോകുമ്പോൾ അത് ശിഥിലമാക്കി സ്വകാര്യ താത്പര്യം സംരക്ഷിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷനായി. ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതി സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണം നടത്തി.