kda-market-kettidam
കാലപ്പഴക്കംകൊണ്ട് ബലക്ഷയമെന്ന് പരാതിയുള്ള പഴയ കെട്ടിടം

കൊടകര: കൊടകരയിലെ പഴയ മാർക്കറ്റ് കെട്ടിടം ഉടൻ പൊളിക്കുമെന്ന അഭ്യൂഹത്തിൽ ആശങ്കാകുലരായി വ്യാപാരികൾ. പഴയ ഹൈവേയ്ക്ക് അഭിമുഖമായി നിൽക്കുന്ന കെട്ടിടത്തിൽ 20 ഓളം കടമുറികളുണ്ട്. ഒട്ടുമിക്ക കടമുറികളിലും വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുകയാണ്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന പരാതിയെ തുടർന്നാണ് പഞ്ചായത്ത് പരിശോധന നടത്തിയത്.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആശയവിനിമയം നടത്താൻ ചേർന്ന യോഗത്തിൽ പകരം പുതിയ കെട്ടിടത്തിൽ മുറി നൽകാമെന്ന് അധികൃതർ വാഗ്ദാനം നൽകി. എന്നാൽ വ്യാപാരികൾ കെട്ടിടം പൊളിക്കുന്നതിന് എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. അറ്റകുറ്റപ്പണി നടത്തിയാൽ കൂടുതൽ കാലം നിലനിൽക്കുമെന്നാണ് വ്യാപാരികളുടെ അഭിപ്രായം.

കെട്ടിടത്തിന്റെ കാലപ്പഴക്കം പരിശോധിക്കാൻ വ്യാപാരികൾ ഏർപ്പെടുത്തിയ ഏജൻസി ബലക്ഷയമില്ലെന്ന റിപ്പോർട്ടാണ് നൽകിയതത്രെ. എന്നാൽ കാലപ്പഴക്കം പരിശോധിച്ച എൽ.എസ്.ജി വിഭാഗം കെട്ടിടത്തിന് ബലക്ഷയമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.


വിദഗ്ദ്ധ ഏജൻസിയെ കൊണ്ട് ബലക്ഷയ പരിശോധന നടത്തിയ ശേഷമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ പൊളിക്കാനുള്ള അന്തിമ തീരുമാനമെടുക്കൂ. അറ്റകുറ്റപ്പണി നടത്തിയാൽ കൂടുതൽ കാലം നിലനിൽക്കുമോയെന്ന് അറിയുന്നതിനും പരിശോധന ആവശ്യമാണ്.

- സബിത, കൊടകര പഞ്ചായത്ത് സെക്രട്ടറി